
തിരുവനന്തപുരം: കൊവിഡ് ആശങ്ക കനത്ത തിരുവനന്തപുരത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുറത്ത് വിട്ട കൊവിഡ് കണക്കുകളിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ആകെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ചികിത്സ നടക്കുന്ന ഒരു ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗം പടര്‍ന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇദ്ദേഹം എത്ര ദിവസം ആശുപത്രിയില്‍ ജോലി ചെയ്തുവെന്നും മറ്റും കണ്ടെത്തി സമ്പര്‍ക്ക പട്ടിക തയാറാക്കുക ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്.
അതേസമയം, കൊവിഡ് ആശങ്കയെ തുടര്‍ന്ന് തലസ്ഥാനത്തെ മാളുകളിലും ചന്തകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വ്യക്തമാക്കിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാകും കടകള്‍ തുറക്കുക എന്നും മേയര്‍ അറിയിച്ചു. പാളയം, ചാല മാർക്കറ്റുകളില്‍ അമ്പത് ശതമാനം കടകള്‍ മാത്രം പ്രവർത്തിക്കും. കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ആശങ്കയേറുന്നു; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ പുട്ടുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരത്തിൽ രോഗം ബാധിച്ച ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഉള്ളവർക്ക് ഏങ്ങനെ രോഗം വന്നുവെന്ന് അറിയാത്തത് ഗൗരവമായ പ്രശ്നമാണെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ കടകളുടെയും മാളുകളുടെയും പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കും. കടകൾ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വ്യാപാരി സംഘടനകളുമായി ഇക്കാര്യം സംസാരിക്കുമെന്ന് മേയർ അറിയിച്ചു. ജില്ലയിലെ മരണ - വിവാഹച്ചടങ്ങുകൾക്ക് ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ലംഘിച്ചാൽ പൊലീസ് നടപടി സ്വീകരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇന്ന് 138 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam