
കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിനെതിരെ കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികൾ ശക്തമായ വിമർശനം ഉന്നയിച്ചു. ഭരണപരമായ വീഴ്ചകളും ഗവൺമെന്റ് സംവിധാനം പാർട്ടിയെ ദുർബലപ്പെടുത്തിയതുമാണ് തോൽവിക്ക് കാരണമായതെന്ന് കൊല്ലം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പരാജയ കാരണം താഴെത്തട്ടിൽ കെട്ടിവെക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിടിപ്പുകേടാണ് പ്രധാന കാരണമെന്നും കൊല്ലം ജില്ലാ കമ്മിറ്റി ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി രേഖ പരാമർശിക്കാത്തതിനെയും വർഗ ബഹുജന സംഘടനകൾ ദുർബലമായപ്പോൾ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായതിനെയും രൂക്ഷമായി വിമർശിച്ചു.
പരാജയം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതും ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തോൽവികളിൽ നിന്ന് പാഠം പഠിക്കാതിരുന്നതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കാസർകോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്ത കെ.വി. കുഞ്ഞിരാമൻ ആരോപിച്ചു. ദയനീയ തോൽവിയിൽ സംസ്ഥാന കമ്മിറ്റിക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.കെ. ഡേവിസ് പങ്കെടുത്ത തൃശൂർ ജില്ലാ കമ്മിറ്റി ചർച്ചയിൽ വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധത്തെയാണ് ശക്തമായി വിമർശിച്ചത്. പാർട്ടി വെള്ളാപ്പള്ളിക്ക് ഒപ്പമാണെന്ന പ്രതീതി ന്യൂനപക്ഷ വോട്ടുകൾ അകറ്റിയെന്നും പിന്നാക്ക വോട്ട് ബാങ്കിൽ പോലും ഇത് ഗുണം ചെയ്തില്ലെന്നും തൃശൂർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
എന്നാൽ എൻ. രതീന്ദ്രൻ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾ പൂർണ്ണമായി ഒഴിവാക്കി, പാർട്ടി ക്ലാസുകൾ ശക്തിപ്പെടുത്തണമെന്ന നിർദ്ദേശം മാത്രമാണ് മുന്നോട്ടുവെച്ചത്. യോഗത്തിലെ ചർച്ചകൾക്ക് ശേഷം വാർത്താ ചോർച്ച തടയുന്നതിന്റെ ഭാഗമായി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് നേതാക്കളിൽ നിന്ന് തിരികെ വാങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam