മാസപ്പടിക്കേസിൽ അന്തിമഘട്ട ചോദ്യം ചെയ്യലിനായി സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. വീണയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.

കൊച്ചി: മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇ‍ഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഈ ഘട്ട ചോദ്യം ചെയ്യൽ. വീണയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു.

ഇനി ഇ‍ഡി റിപ്പോർട്ടിൽ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി. അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ, ഇനി കൂടുതൽ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം. മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.