
കോട്ടയം: കുവൈത്ത് ദുരന്തത്തിൽ കോട്ടയത്തിന്റെ കണ്ണീരോർമ്മയായിരിക്കുകയാണ് പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവും, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപും, പായിപ്പാട് സ്വദേശി ഷിബു വർഗീസും. അടുത്തമാസം നാട്ടിലെത്തി പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇരിക്കെയാണ് സ്റ്റെഫിന് ദാരുണാന്ത്യം സംഭവിച്ചത്. വിദേശത്ത് ജോലിക്ക് എത്തി ആദ്യത്തെ ശമ്പളം പോലും വാങ്ങുന്നതിന് മുമ്പ് ശ്രീഹരിയും ഓർമ്മയായി. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നിതിനിടയിലാണ് ഷിബുവിന്റെ വിയോഗം ഉണ്ടായത്.
പ്രവാസത്തിലേക്ക് കടന്നു ജീവിതം പച്ചപിടിച്ചു തുടങ്ങും മുമ്പേ ജീവൻ നഷ്ടപ്പെട്ടു സ്റ്റെഫിനും ശ്രീഹരിക്കും ഷിബുവിനും. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ തീകനലിൽ എരിഞ്ഞമർന്നത് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകൾ കൂടിയാണ്. ആറു കൊല്ലം മുമ്പാണ് സ്റ്റെഫിൻ എബ്രഹാം സാബു കുവൈറ്റിലേക്ക് ജോലിക്ക് പോയത്. ഇക്കാലമത്രയും ജോലിചെയ്ത് സമ്പാദിച്ചു കൂട്ടിയ പണം കൊണ്ട് പാമ്പാടിയിൽ ഒരു വീടിന്റെ നിർമ്മാണം തുടങ്ങി. ഒരുമാസം മാത്രം മതി ഇനി പണികൾ തീരാൻ. വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്ന ആവേശമായിരുന്നു സ്റ്റെഫിനും കുടുംബത്തിനും. അർബുദ രോഗിയായ അച്ഛൻ സാബുവിന്റെ കൈപിടിച്ച് പുത്തൻ വീട്ടിലേക്ക് താമസം മാറാണം എന്നതായിരുന്നു സ്റ്റെഫിന്റെ സ്വപ്നം. ആറുമാസം മുമ്പ് നാട്ടിലെത്തി വീട് നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് കുവൈറ്റിലേക്ക് മടങ്ങിയത്. പക്ഷേ പറഞ്ഞതിലും നേരത്തെ ഈ വീട്ടിലേക്ക് എത്തുന്നത് സ്റ്റെഫിന്റെ ചേതനയറ്റ ശരീരമാകും.
ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ ശ്രീഹരി പ്രദീപ് എട്ടു ദിവസം മുമ്പാണ് കുവൈറ്റിൽ ജോലിക്ക് പോയത്. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകം തന്നെ ശ്രീഹരിയ്ക്ക് ജീവൻ നഷ്ടമായി. ആദ്യ മാസത്തെ ശമ്പളം വാങ്ങാൻ പോലും കാത്തു നിൽക്കാതെയാണ് ശ്രീഹരിയുടെ മടക്കം. മകനെ യാത്രയാക്കിയ ആ ദിവസം അമ്മ ദീപയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ആദ്യ ശമ്പളം കൊണ്ട് മകൻ വാങ്ങുന്ന സമ്മാനവും കാത്തിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്കാണ് 27 കാരന്റെ ചേതനയറ്റ ശരീരം എത്തുക. മെക്കാനിക്കൽ എൻജിനീയറായ ശ്രീഹരിയും അക്കാദമിതലത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു.
പായിപ്പാട് സ്വദേശി ഷിബു വർഗീസ് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഭാര്യ റിയയോടും നാല് വയസുകാരൻ മകൻ എയിഡനോട് ഉടൻ നാട്ടിലെത്തുമെന്ന് ഷിബു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആ കുടുംബത്തിന്റെയും കാത്തിരിപ്പ് അവസാനിക്കുകയാണ്. മൂന്ന് പേരുടേയും മൃതദേഹങ്ങൾ അതിവേഗത്തിൽ എത്തിക്കാനുള്ള നടപടികൾ തേടുകയാണ് ബന്ധുക്കളും നാട്ടുകാരും.
കുവൈത്ത് ദുരന്തം; മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും; തിരിച്ചറിഞ്ഞത് വിരലടയാളം ഉപയോഗിച്ച്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam