ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതി

By Web TeamFirst Published Feb 11, 2021, 1:23 PM IST
Highlights

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി മൂന്നംഗം സമിതിയെ നിയോഗിച്ചു. 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി വ്യവസായ വകുപ്പ് മൂന്നംഗം സമിതിയെ നിയോഗിച്ചു. 

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാര്‍ സിമന്റ്‌സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദ്ദേശം. 

ഓയിൽ ചോർന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. എണ്ണ ചോര്‍ച്ചയെക്കുറിച്ച് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയത്. കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളും ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് കണ്ടെത്തൽ. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് കമ്പനി നല്‍കും. 

click me!