
തിരുവനന്തപുരം: വർക്കലയിലെ പാപനാശം ബീച്ചിൽ ഇന്നലെയുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അപകടത്തിൽ പരിശീലകൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നു. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
തീർത്തും അലക്ഷ്യമായിട്ടാണ് സന്ദീപ് പാരാഗ്ലൈഡിംഗ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് കോയമ്പത്തൂർ സ്വദേശിനിയായ പവിത്രയുമായി ട്രെയിനർ സന്ദീപ് പാരാഗ്ലൈഡിംഗ് തുടങ്ങിയത്. എന്നാൽ പറന്നുയർന്ന് അഞ്ച് മിനിറ്റനകം തന്നെ ഇവർക്ക് നിയന്ത്രണം നഷ്ടമായി. ഇതോടെ ഭയന്ന പവിത്ര നിലവിളിക്കാൻ തുടങ്ങിയെങ്കിലും അടിയന്തരമായി പാരാഗ്ലൈഡിംഗ് നിലത്തിറക്കാതെ അലക്ഷ്യമായി പറക്കുകയാണ് സന്ദീപ് ചെയ്തത് . വൈകാതെ ഇരുവരും ഹൈമാസ് ലൈറ്റിൽ ഇടിച്ച് അപകടമുണ്ടാക്കുകയും ഒന്നരമണിക്കൂറോളം ഹൈമാസ് ലൈറ്റിൽ കുടുങ്ങി കിടക്കുകയും ചെയ്തു.
സംഭവത്തിൽ ഫ്ളൈ സ്പോർട്സ് അഡ്വഞ്ചേഴ്സ് ലിമിറ്റഡ് കമ്പനി ഉടമകളായ ജിതേഷ്, ആകാശ് എന്നിവരേയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്. സന്ദീപാണ് കേസിൽ ഒന്നാം പ്രതി. പ്രഭുദേവ, ശ്രേയസ് എന്നീ രണ്ട് ജീവനക്കാരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർ മൂന്ന് പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാൽ കമ്പനി ഉടമകൾ ഒളിവിലാണെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റ പവിത്രയിൽ നിന്നും വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയതിനാണ് പ്രഭുദേവയ്ക്കും ശ്രേയസ്സിനുമെതിരെ കേസെടുത്തിരിക്കുന്നത്. അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ പവിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രി ജീവനക്കാർ എന്ന വ്യാജേന പ്രഭുദേവയും ശ്രേയസും സമീപിക്കുകയും വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങുകയുമായിരുന്നു. സാധാരണ ഇത്തരം അഡ്വൈഞ്ചർ സ്പോർട്സുകളിൽ പങ്കെടുക്കുന്നവരിൽ നിന്നും സമ്മതപത്രം വാങ്ങാറുണ്ട്. ഇവിടെ ഇതില്ലാതെയാണ് പവിത്രയടക്കമുള്ള ടൂറിസ്റ്റുകളെ പാരാഗ്ലൈഡിംഗിനെ കൊണ്ടു പോയതെന്നാണ് വിവരം.
പാരാഗ്ലൈഡിംഗ് നടത്താനുള്ള നഗരസഭയുടെ എൻഒസിയും ടൂറിസം വകുപ്പിൻ്റെ അനുമതിയും കമ്പനിക്ക് ഉണ്ടെങ്കിലും പാപനാശത്ത് പാരാഗ്ലൈഡിംഗ് നടത്താനുള്ള അനുമതി കമ്പനിക്ക് ഇല്ലെന്നാണ് നഗരസഭാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പാരാഗ്ലൈഡിംഗ് നടത്തുന്ന ജീവനക്കാർക്കും സഞ്ചാരികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam