പൊലീസ് സേനയിൽ അച്ചടക്ക നടപടി തുടരുന്നു: തിരുവനന്തപുരം സിറ്റി പൊലീസിനെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

By Web TeamFirst Published Jan 19, 2023, 10:24 PM IST
Highlights

ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വ്വീസിൽ നിന്നും നീക്കിയത്

തിരുവനന്തപുരം: കേരള പൊലീസിലെ അച്ചടക്ക നടപടികൾ തുടരുന്നു. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ന് സര്‍വ്വീസിൽ നിന്നും പിരിച്ചു വിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വ്വീസിൽ നിന്നും നീക്കിയത്. പുറത്താക്കപ്പെട്ട എസ്.എച്ച്.ഒ അഭിലാഷ് റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലാണ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഇയാൾ നിലവിൽ അന്വേഷണം നേരിടുന്നുണ്ട്. 

പീഡനക്കേസിൽ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസിലും ഉൾപ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരിൽ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ കടന്നത്. 

click me!