
കൊല്ലം: കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ഉള്ളിയേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ചുണ്ടായ അപകടത്തിൽ ഇന്നലെ രണ്ട് പേർ മരിച്ചിരുന്നു. മടവൂർ സ്വദേശി സദാനന്ദൻ, ചെറുമകൻ ധൻജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഉള്ളൂരിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു സദാനന്ദനും കുടുംബവും. ഉള്ളിയേരി 19 ൽ വെച്ച് കാർ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി. സദാനന്ദന്‍റെ ചെറുമകൻ ഏഴുവയസ്സുകാരൻ ധൻജിത്ത് തൽക്ഷണം മരിച്ചു. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും സദാനന്ദനും മരിച്ചു.
സദാനന്ദന്‍റെ ഭാര്യ ശ്യാമള, മകൻ സുജിത്, സുജിതിന്‍റെ ഭാര്യ ധന്യ, മകൾ തേജശ്രീ, സദാനന്ദന്‍റെ ചെറുമകൾ നൈനിക എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. നവീകരണം പൂർത്തിയായി വരുന്ന കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ കൂടിവരിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam