
ഇടുക്കി : പെരിയാർ കടുവ സങ്കേത്തിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പനെ മൂന്ന് രീതിയിലാണ് വനംവകുപ്പ് നിരീക്ഷിക്കുന്നത്. റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്നൽ പരിശോധിച്ചും, വിഎച്ച്എഫ് ആൻറിന വഴിയും ഒപ്പം വനപാലകരുടെ ഒരു സംഘവും. എന്നിട്ടും ഇടക്കിടെ അരിക്കൊമ്പൻ റേഞ്ചിന് പുറത്താകുന്നത് വനംവകുപ്പിനെ പോലും കുഴക്കുകയാണ്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന വനംവകുപ്പിന് കൈമാറിയ ജിപിഎസ് കോളറാണ് അരിക്കൊമ്പൻറെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹങ്ങളിലേക്കാണ് പോകുന്നത്. 26 ഉഹഗ്രഹങ്ങളുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും ആന നിൽക്കുന്ന സ്ഥലം സംബന്ധിച്ച സിഗ്നൽ കോളറിൽ നിന്നും പുറപ്പെടും. ആ സമയത്ത് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപഗ്രഹം സിഗ്നൽ സ്വീകരിക്കും.
ആഫ്രിക്കൻ എലിഫൻറ് ട്രാക്കർ എന്ന വെബ് പോർട്ടൽ വഴിയാണ് വനംവകുപ്പിന് സിഗ്നൽ സംബന്ധിച്ച വിവരം ലഭിക്കുന്നത്. വനംവകുപ്പിലെചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ പ്രവേശിച്ച് സിഗ്നൽ സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിയുക. മഴക്കാറുള്ളപ്പോഴും ഇടതൂർന്ന് മരങ്ങളുള്ള വനത്തിലേക്ക് ആനയെത്തുമ്പോഴും കോളറിൽ നിന്നും പുറപ്പെടുന്ന സിഗ്നൽ ഉപഗ്രഹത്തിൽ ലഭിക്കാതെ വരും. നിലവിൽ ഓരോ മണിക്കൂർ ഇടവിട്ട് സിഗ്നൽ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത് വർധിപ്പിക്കും. കൂടുതൽ കാലം ബാറ്ററി നിലനിൽക്കുന്നതിനാണിത്. കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ കാട്ടാന പൊട്ടിച്ചു കളഞ്ഞ സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്.
ഇതോടൊപ്പം വിഎച്ച്എഫ് ആൻറിന ഉപയോഗിച്ചും നിരീക്ഷണം നടത്താം. മൊബൈൽ റേഞ്ച് പോലെ ആനയിൽ നിന്നും നിശ്ചിത അകലത്തിൽ എത്തുമ്പോഴാണ് സിഗ്നൽ കിട്ടുക. ഇതിനെല്ലാം പുറമെ വനപാലകരുടെ പ്രത്യേക സംഘത്തെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്നലെ ആനയെ കണ്ടതായാണ് ചെയ്തതായാണ് അറിയിച്ചത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിലാണ് വിഎച്ച്എഫ് ആൻറിനയുടെ സഹായത്തോടെ അരിക്കൊമ്പനെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam