വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിന് മർദ്ദനം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

By Web TeamFirst Published Jul 24, 2022, 3:28 PM IST
Highlights

തലസ്ഥാനത്ത് പൊലീസ് അസോസിയേഷൻ സമ്മാളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. 

തിരുവനന്തപുരം : കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിന് പൊലീസുകാരിൽ നിന്നും മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ. കോട്ടയം ചങ്ങനാശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിവാസ്, സീനിയർ സി പി ഒ ജിബിൻ, ഡ്രൈവർ പി പി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ് പി സസ്പെൻഡ് ചെയ്തത്. വകുപ്പ് തല പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തലസ്ഥാനത്ത് പൊലീസ് അസോസിയേഷൻ സമ്മാളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു.  ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും മർദ്ദനത്തെ കുറിച്ച് അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ്  ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ് ആരോപിച്ചിരുന്നു. 


 

click me!