ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; തുറന്നു വിടുന്നത് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

By Web TeamFirst Published Aug 7, 2022, 5:55 PM IST
Highlights

തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ്. അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിലെത്തി. ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല.
 

ചെറുതോണി: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു, 100 ക്യൂ മെക്സ്  ജലം പുറത്തേക്ക് ഒഴുക്കി. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ്. അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിലെത്തി. ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല.

റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ പല ഘട്ടങ്ങളായി തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നു.   ഡാം തുറന്നെങ്കിലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി. 

ഇടുക്കി  ഡാം തുറന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ  ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന്  ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്  മന്ത്രി  പി രാജീവ് അറിയിച്ചു.

Read Also: ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കും, ഇന്ന് രാത്രി റെഡ് അലർട്ട് പുറപ്പെടുവിക്കും

ഡാം തുറക്കുമ്പോള്‍  മുൻകരുതലുകള്‍ ഏര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു.  ഡാം തുറക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന  ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.

താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ  വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ  കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: മഴയും മണ്ണിടിച്ചിൽ സാധ്യതയും, വിനോദയാത്ര പൂർണ്ണമായും നിരോധിച്ച് ഇടുക്കി കളക്ടർ

 

click me!