
കൊച്ചി : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളി വരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.
അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയ ക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ള അവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ് പറയുന്നത്.
അതിനിടെ, ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഹൈവേയിലെ കുഴിതാണ്ടിയെത്തുന്നവർക്ക് കുഴിമന്തി!; വെറൈറ്റി സമരവുമായി യൂത്ത് കോൺഗ്രസ്