
തൃശ്ശൂർ: സോപ്പ് മുതൽ കിടക്ക വരെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേരെ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വിയ്യൂരിൽ വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് മോഷ്ടിച്ചത്. ചീപ്പ് , സോപ്പ് , കിടക്ക മുതൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തു. ഇതിന് പുറമെ, മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി. ഓട്ടോറിക്ഷയിലാണ് ഈ സാധനങ്ങളെല്ലാം കടത്തിയത്. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.
കടയുടെ തൊട്ടടുത്ത് തന്നെയാണ് ഉടമയുടെ വീട്. മോഷണം പുലർച്ചെ ആയതിനാൽ മോഷണ വിവരം ഉടമ അറിഞ്ഞില്ല. രാവിലെ ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ പരാതി നൽകി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയാണ് കള്ളന്മാരെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പറവൂർ സ്വദേശി അരുൺ, കോഴിക്കോട് സ്വദേശി ആരിഫ്, പെരിഞ്ഞനം സ്വദേശി വിജീഷ് എന്നിവരെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും, ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മോഷണം സ്ഥിരം തൊഴിലാക്കിയവരാണ് മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam