
കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും ഇടതുപക്ഷം നിരന്തരം ശക്തമായ വെല്ലുവിളി ഉയർത്താറുള്ള മണ്ഡലമാണ് തൃക്കാക്കര. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായതു മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്. ബിജെപിയും പുതിയ രാഷ്ട്രീയ കൂട്ടായ്മകളും ഇവിടെ സാന്നിധ്യമറിയിക്കുന്നുണ്ട്.
2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്.
വിജയത്തിന് മാസങ്ങൾക്ക് ശേഷം പിടി തോമസിന്റെ അപ്രതീക്ഷിത മരണം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. വ്യക്തിപരമായ വേദനയ്ക്കൊപ്പം രാഷ്ട്രീയമായ വലിയൊരു ഉത്തരവാദിത്തം കൂടി അവർക്ക് ഏറ്റെടുക്കേണ്ടി വന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫും ബിജെപിക്കായി എഎൻ രാധാകൃഷ്ണനും മത്സരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് 72,770 വോട്ടുകൾ നേടി വലിയ വിജയം കൈവരിച്ചു. 5,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.
കോൺഗ്രസ് ഇത്തവണയും ഉമ തോമസിനെത്തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലം നിലനിർത്തുന്നതിനൊപ്പം സംസ്ഥാനത്ത് യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ. തൃക്കാക്കര നഗരസഭയും കൊച്ചി കോർപ്പറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇതിൽ 20 ഡിവിഷനുകളിലും യുഡിഎഫ് കൗൺസിലർമാരാണ് ഉള്ളത്. മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിലൂടെ ഭൂരിപക്ഷം വർധിപ്പിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു.
ഉമ തോമസിനെ സ്ഥാനാർഥിയായി നിശ്ചയിച്ചതോടെ പല എതിർപ്പുകളും മണ്ഡലത്തിൽനിന്ന് വന്നിരുന്നു. സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകുമെന്ന പാർട്ടി നയത്തോട് യോജിക്കുന്നെങ്കിലും തൃക്കാക്കരയിലെ കാര്യത്തിൽ പുനരാലോചന വേണമെന്നാണ് ദീപ്തി മേരി വർഗീസിൻ്റെ പ്രസ്താവനയാണ് ചർച്ചയ്ക്ക് വഴിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത് തൻ്റെ പേരായിരുന്നു. എന്നാൽ, അതിൽ ചില നീതികേട് സംഭവിച്ചു. അതിന് പരിഹാരമുണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് അടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായാരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് ദീപ്തി പറഞ്ഞത്. പിടി തോമസ് മരണപ്പെട്ട സാഹചര്യത്തിൽ ആ ടേം പൂർത്തീകരിക്കുന്നതിനായാണ് ഉമ സ്ഥാനാർഥിയായത്. ദൗത്യം തുടരാൻ അവർ പ്രാപ്തയാണോ എന്ന് പാർട്ടി ആലോചിക്കണമെന്നും ദീപ്തി പറഞ്ഞിരുന്നു. കോൺഗ്രസിന് അകത്തു തന്നെയുള്ള വിമർശനങ്ങൾ യുഡിഎഫിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
മറുഭാഗത്ത്, സ്വതന്ത്രരെ പിന്തുണയ്ക്കുന്ന പതിവ് രീതി മാറ്റി സിപിഎം നേതാവ് പുഷ്പ ദാസിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പിനെ രൂക്ഷമായി വിമർശിക്കുന്ന അവർ, തിരഞ്ഞെടുക്കപ്പെട്ടാൽ വികസന രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. പുഷ്പ ദാസിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമാണിത്. തൃക്കാക്കര യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും എൽഡിഎപ് ശക്തമായ മത്സരം തന്നെ കാഴ്ചവെക്കാറുണ്ട്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ടെങ്കിലും ഭരണവിരുദ്ധ വികാരം യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതാണ് മണ്ഡലത്തിൽ എൽഡിഎഫിൻ്റെ പ്രതീക്ഷയും. ഇൻഫോപാർക്ക് രണ്ടാം ഘട്ടം, കൊച്ചി മെട്രോ രണ്ടാം ഘട്ടം, സീപോർട്ട്-എയർപോർട്ട് റോഡ് വികസനം, വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നുണ്ട്. തൃക്കാക്കര പോലെ ഒരു മണ്ഡലത്തിന് സജീവമായി ഇടപെടുന്ന ഒരു എംഎൽഎയെ ആവശ്യമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിലവിലെ എംഎൽഎ മണ്ഡലത്തിൽ സജീവമായിരുന്നില്ലെന്നും പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നില്ലെന്നും പരാതിയുണ്ട്. കോൺഗ്രസ് ഒരു യുവ നേതാവിനെ മണ്ഡലത്തിൽ പരീക്ഷിക്കണമായിരുന്നുവെന്ന ചർച്ചയും മണ്ഡലത്തിൽ നടക്കുന്നുണ്ട്. തൃക്കാക്കരയിലെ വോട്ടർമാർ എന്നും യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. എന്നാൽ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വികസനവും മാറ്റവും കൊണ്ടുവരാൻ ഞങ്ങൾക്ക് ഒരു അവസരം നൽകണം എന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്.
എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20, ബിഗ് ബോസ് മലയാളം ജേതാവായ അഖിൽ മാരാറെ സ്ഥാനാർത്ഥിയാക്കിയതോടെ മത്സരത്തിന് പുതിയൊരു മാനം കൈവന്നിട്ടുണ്ട്. കോൺഗ്രസ് വിട്ട് എൻഡിഎ പാളയത്തിലെത്തിയ അഖിൽ മാരാറുടെ കന്നി പോരാട്ടം എന്ന നിലയിൽ ഈ മത്സരം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മണ്ഡലത്തിൽ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വോട്ടർമാരെ നേരിൽ കണ്ടും കുടുംബ യോഗങ്ങളിൽ പങ്കെടുത്തും മതസ്ഥാപനങ്ങൾ സന്ദർശിച്ചും യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്.
മണ്ഡലത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു വിഭാഗം വോട്ടർമാർ ഉണ്ടെങ്കിലും, തൃക്കാക്കര ഇത്തവണയും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് പ്രവർത്തകർ. മേഖലയിലെ സിപിഎം നേതാക്കൾ ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എൽഡിഎഫ് പെരുമ്പാവൂരിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെയാണ് തിരഞ്ഞെടുത്തത്. അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയായ സാഹചര്യത്തിൽ, എൽഡിഎഫിന് ശക്തനായ ഒരു സ്ഥാനാർത്ഥി കൂടി ഉണ്ടായിരുന്നെങ്കിൽ മണ്ഡലത്തിൽ മാറ്റം പ്രകടമായേനെയെന്ന അഭിപ്രായവും മണ്ഡലത്തിലുള്ളവർക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam