തൃക്കാക്കര യുദ്ധം: കര തൊടാൻ അസ്ത്രങ്ങൾ തൊടുത്ത് എൽ‍ഡിഎഫ്, പ്രതിരോധിച്ച് യുഡിഎഫ്; പ്രചാരണം അവസാന ലാപ്പിൽ

Published : May 28, 2022, 01:47 AM IST
തൃക്കാക്കര യുദ്ധം: കര തൊടാൻ അസ്ത്രങ്ങൾ തൊടുത്ത് എൽ‍ഡിഎഫ്, പ്രതിരോധിച്ച് യുഡിഎഫ്; പ്രചാരണം അവസാന ലാപ്പിൽ

Synopsis

മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ ഇറങ്ങിയുള്ള പ്രചാരണത്തിലൂടെ കര പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് എൽ‍ഡിഎഫ്. പക്ഷേ പി ടി തോമസിനെ നെഞ്ചേറ്റിയ കരയിൽ ഭാര്യ പകരത്തിനിറങ്ങുമ്പോൾ തോൽവിയെ കുറിച്ച് കോൺഗ്രസ് ചിന്തിക്കുന്നേയില്ല.

കൊച്ചി: പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയിൽ (Thrikkakara Byelection) മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോര്. വികസനത്തിൽ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാർത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദത്തിൽ ആസൂത്രിത നീക്കമുണ്ടെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. കേരളം മുഴുവൻ തൃക്കാക്കരയിലേക്ക് കേന്ദ്രീകരിച്ചുള്ള വമ്പൻ പ്രചാരണമാണ് ക്ലൈമാക്സിലേക്ക് അടുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതെന്ന് യുഡിഎഫ് കണക്കാക്കുന്ന മണ്ഡലത്തിൽ പക്ഷേ അവസാന ലാപ്പിൽ എത്തുമ്പോൾ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ ഇറങ്ങിയുള്ള പ്രചാരണത്തിലൂടെ കര പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് എൽ‍ഡിഎഫ്. പക്ഷേ പി ടി തോമസിനെ നെഞ്ചേറ്റിയ കരയിൽ ഭാര്യ പകരത്തിനിറങ്ങുമ്പോൾ തോൽവിയെ കുറിച്ച് കോൺഗ്രസ് ചിന്തിക്കുന്നേയില്ല. സഭാ സ്ഥാനാർത്ഥി, ജോർജ് വിവാദം, പിന്നെ നടിയുടെ പരാതി അടക്കമുള്ള വിഷയങ്ങളും മണ്ഡലത്തിന്റെ ഓരോ കോണിലും വലിയ ചർച്ചയായി മാറിയിരുന്നു. ഒടുവിൽ ഇടത് സ്ഥാനാർത്ഥിക്കെതിരായ വീഡിയോ വിവാദമാണ് പ്രധാന വിഷയമായി മാറിയിട്ടുള്ളത്.

ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോക്ക് പിന്നിലാര്? പ്രചാരണം കൊഴുക്കുന്നു

ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം എന്ന നിലക്ക് വൈകാരികമായെടുത്ത് തന്നെയാണ് വിഷയത്തിൽ എൽഡിഎഫ് ശ്രദ്ധയൂന്നുന്നത്. സഹതാപം പിടിച്ചുപറ്റിയുള്ള യുഡിഎഫ് പ്രചാരണത്തിനുള്ള മികച്ച മറുതന്ത്രമാണിതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. ആദ്യം അവഗണിച്ചെങ്കിലും പ്രചാരണം കടുത്തതോടെ വിവാദത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് പറഞ്ഞാണ് കോൺ​ഗ്രസ് തിരിച്ചടിക്കുന്നത്. കോൺഗ്രസുകാർ മാത്രമാണോ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ചോദ്യം. 

വീഡിയോ ഇറക്കിയവരെ കണ്ടെത്തിയാൽ പ്രതിക്കൂട്ടിലാകുക സിപിഎമ്മാണെന്നും കോൺഗ്രസ് പറയുന്നു. ഇതിനിടെ വി ഡി സതീശന്റെ ഇന്നലെത്തെ വാർത്താ സമ്മേളനത്തിലെ ഭാഗങ്ങൾ എഡിറ്റ് ചെ്യ്ത പ്രചാരണം നടത്തിയെന്ന പരാതിയും കോൺഗ്രസ് ഉന്നയിക്കാനൊരുങ്ങുകയാണ്. വീഡിയോ വിവാദം മുറുകുമ്പോൾ നാളെ തൃക്കാക്കരയിൽ പി സി ജോർജ് കൂടി എത്തുന്നതോടെ കലാശക്കൊട്ട് ഉച്ചസ്ഥായിയിലേക്ക് നീങ്ങുമെന്നുറപ്പ്. ഇന്ന് സുരേഷ് ​ഗോപിയെ ഉൾപ്പെടെ രം​ഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം, ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

'ജോ ജോസഫിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി'; വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരും: മുഖ്യമന്ത്രി

ജോ ജോസഫിന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം  യുഡിഎഫ് നടത്തി. തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ല. യുഡിഎഫിന്‍റേത് ഹീനമായ രീതിയാണ്.  വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഇറക്കിയതിന് പിന്നിൽ ഗൂഢ രാഷ്ട്രീയമാണെന്ന് പി കെ ശ്രീമതിയും പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിന്ദ്യമായ കടുംകൈ ചെയ്തവര്‍ക്ക് എതിരെ കേരള മനസാക്ഷി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇടത് വനിതാ സംഘടനാ പ്രതിനിധികൾ  തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. വ്യാജ വീഡിയോ ഇറക്കി പ്രചാരണം നടത്തിയവര്‍ മാപ്പുപറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംഭവത്തില്‍ രണ്ട് കോൺഗ്രസ് പ്രവർത്തകരാണ് ഇതുവരെ  അറസ്റ്റിലായത്. വ്യാജ പ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്തുകോണ്‍ഗ്രസിന്‍റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസ് അറിയിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത്, അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം ഇടതുമുന്നണി തുടങ്ങി. ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. 

'വിലക്കയറ്റത്തിൽ ജനം വലയുന്നു, തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് എകെ ആന്റണി, മറുപടി നൽകി ബാലഗോപാൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ