
കൊച്ചി: പരാജയഭീതിപൂണ്ട കോൺഗ്രസുകാർ (Congress) കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ് (K V Thomas). താൻ സിപിഎമ്മിന്റെ കുഴിയിൽ പെട്ടുപോയി എന്ന ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് വ്യാജമാണെന്ന് കെ വി തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് കുറിച്ചു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂർവ്വം ആക്ഷേപിച്ചവർ തന്നെയാണ് തനിക്കെതിരായ വാർത്തകളും പ്രചരിപ്പിക്കുന്നത്. എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ പഠിപ്പിക്കേണ്ട. താൻ ഡോ. ജോ ജോസഫിന് വേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാളെ പിടികൂടിയെന്ന് ഇന്ന് രാവിലെ കൊച്ചി പൊലീസ് അറിയിച്ചിരുന്നു. കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. എന്നാൽ, പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞു. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം.
'ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കണം'; പിണറായിക്കെതിരെ കെ സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണതലത്തില്‍ മുഖ്യമന്ത്രിക്ക് പിടിപ്പുകേടും കഴിവില്ലായ്മയുമാണെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സർക്കാരിനെ പരിഹസിക്കാൻ പോലും അറപ്പ് തോന്നിപ്പോകുന്നു. താങ്കളും ഒരു പെൺകുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയൻ ? ഇന്നലെ ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേൾവിയില്ലാത്ത വിധം പെൺകുഞ്ഞുങ്ങൾ ക്രൂരപീഡനങ്ങൾക്ക് വിധേയമാകുമ്പോൾ നിങ്ങൾക്കാ കസേരയിൽ ഇരിക്കാൻ എങ്ങനെ മനസ്സ് വരുന്നു ?- സുധാകരന്‍ ചോദിക്കുന്നു.
'വാളയാറിലും പാലത്തായിയിലും തുടർന്നിങ്ങോട്ട് പ്രളയം പോലെ നടന്നു വരുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട് എത്രമാത്രം പരാജയമാണ് താങ്കളെന്ന്! എന്നിട്ടും ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷിതാക്കൾക്കും അതിജീവിതമാർക്കും താങ്കൾ 'ഉറപ്പ് ' കൊടുക്കുകയാണ്. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞു പറ്റിക്കാൻ എങ്ങനെ സാധിക്കുന്നു? ധാർമികതയുടെ അർത്ഥം താങ്കളെ പറഞ്ഞു പഠിപ്പിക്കാൻ ജീവനിൽ പേടിയുള്ള സിപിഎമ്മുകാർ മുതിരില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം സ്വയം രാജി വെച്ചൊഴിയാൻ താങ്കൾ തന്നെ തയ്യാറാകണം- കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.