ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും, തൃക്കാക്കര നഗരസഭയിൽ വിവാദം

By Web TeamFirst Published Aug 19, 2021, 7:13 AM IST
Highlights

ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. 

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പണം നൽകുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കൊവിഡ് ദുരിതം മാറാതെ ഓണം എങ്ങനെയെന്ന് ആലോചിച്ച് ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൻ കൗൺസിലർമാർക്ക് അത്ഭുത സമ്മാനം നൽകിയത്. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.

പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ ഇതിനകം പണം തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിക്കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!