മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നിഷേധിച്ചെന്ന ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസിന്‍റെ ആരോപണം സ്ഥിരീകരിച്ച് എൻഎസ്എസ് എജ്യുക്കേഷൻ മുൻ സെക്രട്ടറി എം ആര്‍ ഉണ്ണി. സുകുമാരൻ നായര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് എംആര്‍ ഉണ്ണി

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചെന്ന ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസിന്‍റെ ആരോപണം സ്ഥിരീകരിച്ച് എൻഎസ്എസ് എജ്യുക്കേഷൻ മുൻ സെക്രട്ടറി എം ആര്‍ ഉണ്ണി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ വേണ്ടിയാണ് ആനന്ദബോസ് പെരുന്നയിൽ എത്തിയതെന്നും എന്നാൽ, സുകുമാരനായർ ആണ് പുഷ്പാർച്ചന നടത്താൻ അനുവദിക്കാതിരുന്നതെന്നും എംആര്‍ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്നം ജയന്തിക്കും സമാധിക്ക് മാത്രമേ പുഷ്പാർച്ചന നടത്താൻ കഴിയുവെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. ഇതുപറഞ്ഞതിന് പിന്നാലെ അധികം സംസാരത്തിന് നിൽക്കാതെ ആനന്ദബോസ് മടങ്ങി പോവുകയായിരുന്നുവെന്നും എംആര്‍ ഉണ്ണി പറഞ്ഞു. ആനന്ദബോസ് വന്നപ്പോൾ സുകുമാരൻ നായർ ഷാൾ അണിയിച്ചു സ്വീകരിച്ചു.കുശലാന്വേഷണം പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു ഇതിനുശേഷം ചായയും കൊടുത്തു. 

സുകുമാരൻ നായർക്ക് ഇഷ്ടമുള്ളവർ എത്തിയാൽ ഏതുസമയത്തും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അവസരം കൊടുക്കാറുണ്ട്. അദ്ദേഹത്തിന് ഇഷ്ടം ഇല്ലാത്തവർ ചെന്നാൽ അനുവാദം കൊടുക്കില്ല. ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാൻ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരൻ നായർ പറയുന്നത്. മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങൾ ആണ് സുകുമാരൻ നായർ പറയുന്നതെന്നും എം ആർ ഉണ്ണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. സമാധിക്കും ജയന്തിക്കും മാത്രമാണ് പുഷ്പാര്‍ച്ചന നടത്താറുള്ളതെന്ന് പറയുന്നത് ശുദ്ധ നുണയാണ്. താൻ എജ്യുക്കേഷൻ സെക്രട്ടറിയായിരുന്നപ്പോള്‍ അവിടെ പോയപ്പോള്‍ പുഷ്പാര്‍ച്ചന ചെയ്യിപ്പിച്ചിരുന്നു. ആനന്ദബോസ് പെരുന്നയിൽ വന്നത് മന്നം സമാധിയിൽ പുഷ്പാര്‍ച്ചന നടത്തുന്നതിനാണ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുമെന്നും എംആര്‍ ഉണ്ണി പറഞ്ഞു.

ദില്ലി എന്‍എസ്എസ് കൂട്ടായ്മ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ആരോപണമുന്നയിച്ചത്. ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചു. പുഷ്പാര്‍ച്ചന നടത്തുന്നതിനൊപ്പം കൂടിക്കാഴ്ചക്ക് കൂടിയുള്ള അനുമതി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് തേടി. എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നു. എന്നാല്‍, പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയില്ലെന്നാണ് ആനന്ദ ബോസിന്‍റെ ആരോപണം. ദില്ലിയില്‍ മന്നത്ത് പദ്മനാഭന്‍റെ സ്മാരകം പണിയണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം നല്‍കാമന്നും ആനന്ദ് ബോസ് വാഗ്ദാനം നല്‍കി. അതേസമയം, ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളി. അങ്ങനെയൊരു സംഭവനം നടന്നിട്ടില്ലെന്നും എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

എന്‍എസ്എസുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയുടെ വേദിയിലാണ് ആനന്ദ ബോസ് വിമര്‍ശനം ഉന്നയിച്ചത്. മന്നം സമാധി ആഘോഷങ്ങള്‍ക്ക് പെരുന്നയിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് ആനന്ദബോസ് ദില്ലിയില്‍ പ്രകടപ്പിച്ചതെന്നാണ് എന്‍എസ്എസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് സ്വീകരണം ലഭിച്ചുവെന്ന് പറയുമ്പോള്‍ തന്നെ പുഷ്പാര്‍ച്ചന വിലക്കിയെന്ന് ആരോപിക്കുന്നതിലെ വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.

YouTube video player