
കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ അംഗങ്ങൾ ഉയർത്തിയ ലൈംഗികാധിക്ഷേപം അടക്കമുള്ള വിഷയങ്ങളിൽ ലീഗ് നിലപാട് കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും ചെന്ന് നിൽക്കാൻ സാധിക്കാത്ത ഇടമായി മുസ്ലിം ലീഗ് മാറിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റഹീം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പോലും സംഘടനയെ കൈവിടുന്ന സ്ഥിതിയാണ്. ഇനിയെങ്കിലും മുസ്ലീം ലീഗ് മാറ്റത്തിന് തയ്യാറാകണമെന്നും റഹിം പ്രതികരിച്ചു.
'തിരുത്തണ'മെന്ന് ലീഗ്, ഹരിതയെ പിന്തുണച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ അയച്ച കത്ത് പിൻവലിപ്പിക്കാൻ നീക്കം
ഹരിതയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫിലും കലാപം രൂക്ഷമാണ്. സ്ത്രീവിരുദ്ധ നിലപാടെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയാവശ്യപ്പെട്ട് 12 ജില്ലാകമ്മിറ്റികൾ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം നിഷേധിച്ച് 6 ജില്ലാ കമ്മിറ്റികൾ പിന്നീട് വിശദീകരണക്കുറിപ്പിറക്കി.
അംഗങ്ങളെ അറപ്പുളവാക്കുന്ന വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചതിന് എംഎസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഹരിത വനിത കമ്മീഷന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് ജില്ലാ കമ്മിറ്റികളുടെ കത്തുകൾ ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ കൈയിലെത്തിയത്. നിലവിലെ വിവാദങ്ങൾ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നും, എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഉൾപ്പെടെ ആരോപണ വിധേയരായ നേതൃനിരയെ മാറ്റണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam