
തൃശ്ശൂർ: കനത്ത കാറ്റിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ മുകളിലെ മേൽക്കൂര ഇളകി താഴെ വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർ. മേൽക്കൂര നേരത്തെ ഇളകി ഇരിക്കുന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും കോർപ്പറേഷനിൽ പ്രതിഷേധിച്ചു. 24 മണിക്കൂറിനുള്ളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കോർപ്പറേഷൻ സെക്രട്ടറി പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.
ഇന്നലെ ഉച്ചതിരിഞ്ഞ് ഉണ്ടായ കനത്ത കാറ്റിൽ തൃശ്ശൂർ കോർപ്പറേഷൻ വാണിജ്യ സമുച്ചയത്തിന്റെ മേൽക്കൂര ഇളകി റോഡിൽ വീണ സംഭവത്തിൽ തൃശ്ശൂരിൽ വിവാദം കത്തുന്നതിനിടെയാണ് അന്വേഷണത്തിനായി ഉദ്യോഗസ്ഥർ സംഘത്തെ മേയർ നിയോഗിച്ചത്. മേൽക്കൂര നേരത്തെ ഇളകിയിരുന്ന കാര്യം പരാതിയായി അറിയിച്ചിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. നാട്ടിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കാൻ മേയറും ഇടതുപക്ഷവും വേണ്ട എന്ന കോൺഗ്രസ് പ്രതികരിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട ബിജെപിയും രംഗത്തെത്തി.
രാവിലെ കോർപ്പറേഷനിലും പ്രതിപക്ഷം പ്രതിഷേധവുമായെത്തി. മേയർ ഓഫീസിൽ എത്താത്തതിനാൽ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. പിന്നാലെ ബിജെപിയും മേയറുടെ ചേമ്പർ ഉപരോധിച്ചു. അന്വേഷണ റിപ്പോർട്ട് വന്നശേഷം കുറ്റക്കാരൻ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നാണ് കോർപ്പറേഷൻ സെക്രട്ടറി സമരക്കാരെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം