
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. മരിച്ചവരിൽ പൂർണ ശരീരം ഉള്ളവർ 7 പേരാണ്. 9 ശരീര ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. രണ്ട് പേരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി കഴിഞ്ഞു. ഇതിൽ ഒരാളുടെ മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തുവെന്ന് വീണ ജോർജ് പറഞ്ഞു. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും. മൊത്തം 15 പേരുണ്ടായിരുന്നു. അതിൽ രണ്ടുപേർ ഓടി രക്ഷപെട്ടു വന്നവരാണ്. അവർക്ക് കാര്യമായി പരിക്കുകൾ ഇല്ലെങ്കിലും മാനസികമായ പിന്തുണ ആവശ്യമാണ്. അതിനു വേണ്ട നടപടികളും സ്വീകരിക്കും. 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ പത്ത് പേർ ഐ സി യുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. എന്നിരുന്നാലും പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും വീണ ജോർജ് പറഞ്ഞു. ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് വിധഗ്ദർ എത്തി ഡി എൻ എ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കാം ഡോക്ടർമാർ എത്തുമെന്നും വീണ ജോർജ് പറഞ്ഞു. ഒരു ബാച് ഡോക്ടർമാർ എത്തി. ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്. ആ രീതിയിൽ ആണ് ചികിത്സ പോകുന്നതെന്നും വീണ ജോർജ് പറഞ്ഞു.
അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ മരിച്ച 8 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി, വിഷ്ണു, വിജീഷ് എന്നിവരാണ് മരിച്ചത്. സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ പരിശോധന പുനരാരംഭിക്കും. അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. 14 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam