CITU : സിഐടിയു പ്രവർത്തകന്‍റെ ആത്മഹത്യ: ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം

By Web TeamFirst Published Apr 25, 2022, 7:46 AM IST
Highlights

ചുമട്ടുതൊഴിലാളിയായ സജി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്. 

തൃശൂർ: തൃശൂർ പീച്ചിയിൽ മുൻ സിഐടിയു (CITU) പ്രവർത്തകൻ സജിയുടെ ആത്മഹത്യയില്‍ (Suicide) ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം നീക്കി. ചുമട്ടുതൊഴിലാളിയായ സജി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി തള്ളുകയായിരുന്നു സിപിഎം തൃശൂർ ജില്ല നേതൃത്വം ആദ്യം ചെയ്തത്.

അതേസമയം, സജിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ പൊലീസ് ഇതുവരെ തയ്യാറായില്ലെന്ന പരാതിയുമായി സജിയുടെ കുടുംബം രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധ സമരവുമായി നീങ്ങനാണ് ബിജെപിയുടെ തീരുമാനം.

ചുമട്ടുതൊഴിലാളിയായ സജി സിപിഎം ലോക്കൽ സെക്രട്ടറിയ്ക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്. സജിയുടെ സഹോദരനും മറ്റ് കുടുംബാംഗളും   സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി.

Also Read: പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു; തൃശ്ശൂരിൽ യുവാവിന് ഭീഷണി

അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സിപിഎമ്മിൻ്റേതെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രതിഷേധവുമായി രംഗത്ത് ഉണ്ടാകുമെന്ന് ബിജെപി സജിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി. ആത്മഹത്യാ കുറിപ്പിൻ്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.

സമഗ്രമായ അന്വേഷണത്തിനു ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക. സജിയുടെ ആത്മഹത്യയില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ജില്ലാ നേതൃത്വം നേരത്തെ തന്നെ തള്ളിയിരുന്നു. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

click me!