
തൃശൂർ: സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം. മിത്ത്, സനാതനധർമ്മ പരാമർശങ്ങളിലാണ് ഇരു നേതാക്കൾക്കെതിരെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ച് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിറക്കിയത്. ഗണപതി ഒരു മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവജനസമൂഹത്തെ ഒന്നാകെ ആക്ഷേപിക്കുകയും അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതിൽ പാറമേക്കാവ് ഭരണസമിതിയോഗം കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു.
സനാതന ധർമ്മത്തിനെതിരെയുള്ള ആഹ്വാനം അർഹിക്കുന്ന അവഗണനയോടെ തളളിക്കളയേണ്ടതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരി ക്കുന്നവരുടെ ഉത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അവരെ നിയന്ത്രിക്കേണ്ടത് അതാതു രാഷ്ട്രീയ കക്ഷികളുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. ഇത്തരം പ്രവണതകൾ ആസൂത്രിതമാണ്. ഭാരതത്തിന്റെ നിലനിൽപ്പ് തന്നെ എല്ലാ മനുഷ്യരേയും നിരീശ്വരവാദികളെപ്പോലും ഒരുപോലെ ഉൾക്കൊള്ളുന്ന സനാതന ധർമ്മത്തിന്റെ വെളിച്ചമുൾക്കൊണ്ടാണ്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ വിദ്വേഷവും പരസ്പര സ്പർദ്ദയും വളർത്തുവാൻ മാത്രമേ സഹായിക്കൂവെന്നും പാറമേക്കാവ് ദേവസ്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതിനിടെ, സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി രംഗത്തെത്തി. തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് ചുട്ട മറുപടിയാണ് ഉദയനിധി സ്റ്റാലിൻ നല്‍കിയത്. സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam