
തൃശ്ശൂർ: പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ റെക്കോഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ സിറ്റി പൊലീസ്.കേസെടുത്ത് പത്തു ദിവസത്തിനുള്ളിലാണ് പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരാതിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന് മുന്നിലെത്തുന്നത്. ചങ്ങനാശേരി പെരുന്ന വാലംപറമ്പിൽ അഖിലെന്ന ഇരുപത്തിയൊന്നുകാരനായിരുന്നു പ്രതി. അഞ്ചാം തീയതി പൊലീസ് പ്രതിയ അറസ്റ്റ് ചെയ്തു.
പോക്സോ, പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് തൃശൂര്‍ എസിപി വി.കെ. രാജുവിന്‍റെ അന്വേഷണ പരിധിയില്‍ വന്നു. ഏഴാം തീയതിയായിരുന്നു കേസ് തൃശൂര്‍ എസിപിയ്ക്ക് കൈമാറിയത്. പത്തുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച മുപ്പത് പേജുള്ള കുറ്റപത്രം തൃശൂര്‍ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇരുപത് സാക്ഷികളാണുള്ളത്. പ്രതിയിപ്പോള്‍ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്.
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വർഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. മൂന്നാം ക്ലാസ് മുതല്‍ ഇയാൾ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി കോടതി വിചാരണയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് പോക്സോ കേസിൽ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷ ലഭിച്ച പ്രതിയായ ജോർജ് മാറിയത്.
2020 ഇടുക്കിയിലെ കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്‌ടോബർ ആറിന് ഇരയായ പെണ്കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പതിനഞ്ചുകാരി ഗർഭിണിയാണെന്ന് കണ്ടെത്തി.
തുടർന്ന് ആശുപത്രി അധികൃതർ കഞ്ഞിക്കുഴി പോലീസിനെ വിവരമറിയിച്ചു. പൊലീസ് പെണ്കുട്ടിയെ കൌണ്സിലിംഗിന് വിധേയമാക്കുകയും ഗർഭസ്ഥ ശിശുവിൻറെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബോറട്ടറിയിൽ ഡിഎൻഎ പരിശോധന നടത്തി പ്രതി ജോർജ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധ വകുപ്പുകളിലാണ് ജോർജിന് 81 വർഷം തടവ് ശിക്ഷ ജഡ്‌ജി ടി.ജി.വർഗീസ് വിധിച്ചത്. അതേസമയം പോക്‌സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം പ്രതി അനുഭവിച്ചാൽ മതിയാകും. പിഴത്തുക അടച്ചില്ലെങ്കിൽ വീണ്ടും തടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും ഇടാക്കുന്ന പിഴത്തുകയ്‌ക്ക് പുറമെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി രണ്ടുലക്ഷം രൂപയും പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. 34 രേഖകളും നാലു തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.