
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.
തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിജിപിയുടെ റിപ്പോർട്ടിലാണ് സര്‍ക്കാർ നടപടി. ഡിവൈഎസ്‍പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാൻ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. സുപ്രധാന ചോദ്യമായിട്ടും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെയായിരുന്നു മറുപടി ഒരു മാധ്യമത്തിന് നൽകിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നാളെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam