
തിരുവനന്തപുരം: പൂരം കലങ്ങിയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയെ പരസ്യമായി തള്ളി റവന്യുമന്ത്രി കെ രാജൻ. പൂരം കലക്കിയത് തന്നെയാണെന്നും കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും രാജൻ വിമർശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ. പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപി ആംബുലൻസിൽ വന്നോ എന്നതിനെ ചൊല്ലി ബിജെപിയിലും ഭിന്നതയുണ്ട്.
കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി വിവാദത്തിന് തുടക്കമിട്ടെന്നാണ് സിപിഐ കരുതുന്നത്. ത്രിതല അന്വേഷത്തോടെ കലക്കലിൽ കൂടുതൽ നടപടി പ്രതീക്ഷിച്ച സിപിഐയെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ നിസ്സാരവൽക്കരിക്കൽ. ഇടത് മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിക്കണമെന്ന അഭിപ്രായമടക്കം സിപിഐയിൽ ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് കൂടുതൽ കടുപ്പിക്കാത്തത്. പക്ഷെ പാർട്ടി നിലപാട് പരസ്യമാക്കി പോകാനാണ് തീരുമാനം. അത് കൊണ്ടാണ് കാബിനറ്റിലെ സഹപ്രവർത്തകനായ മന്ത്രി മുഖ്യമന്ത്രിയെ തള്ളി കലക്കിയതെന്ന് തന്നെ പറയുന്നത്. കലക്കാൻ ശ്രമമാണ് ഉണ്ടായതെന്ന പിണറായിയുടെ വാദം ഏറ്റുപിടിച്ച് സിപിഐയെ സിപിഎം തിരുത്തുന്നു.
സുരേന്ദ്രൻ്റെ പേര് പറഞ്ഞ് ആംബുലൻസിൽ വന്നില്ലെന്ന സുരേഷ് ഗോപിയുടെ പരാമർശം ബിജെപിയിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആംബലുൻസിലാണ് സുരേഷ് ഗോപി എത്തിയതെന്ന ബിജെപി നേതാക്കളുടെ മുൻനിലപാടാണ് സുരേഷ് ഗോപി മായക്കാഴ്ചയെന്ന് പറഞ്ഞ് തള്ളുന്നത്. സുരേഷ് ഗോപിയുടെ നടപടിയിൽ അതൃപ്തിയുണ്ടെങ്കിലും കെ സുരേന്ദ്രൻ പരസ്യമായി പ്രതികരിച്ചില്ല. സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളോട് രോഷം പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറി. എൽഡിഎഫിലും ബിജെപിയിലും ഭിന്നത നിലനിൽക്കെ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam