Thrissur Pooram : പൂര ലഹരിയിൽ തൃശ്ശൂർ, തെക്കേ ഗോപുര വാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ പൂര വിളംബരം

Published : May 09, 2022, 01:56 PM ISTUpdated : May 09, 2022, 02:09 PM IST
Thrissur Pooram : പൂര ലഹരിയിൽ തൃശ്ശൂർ, തെക്കേ ഗോപുര വാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ പൂര വിളംബരം

Synopsis

തിടമ്പേറ്റിയത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ 

തൃശ്ശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശ്ശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളിത്തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് ഇത്തവണയും നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റിയത്. ഇത് രണ്ടാം തവണയാണ് തിടമ്പേറ്റാനുള്ള നിയോഗം എറണാകുളം ശിവകുമാറിനെ തേടിയെത്തുന്നത്. 


നെയ്തലക്കാവിൽ നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് പടിഞ്ഞോറേ നട വഴിയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചത്. പ്രദക്ഷിണം വച്ച് പൂരത്തിന് വടക്കുംനാഥന്റെ അനുമതി വാങ്ങിയ ശേഷം തേക്കേ ഗോപുര വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങിയതോടെയാണ് പൂര വിളംബരമായത്. മേളത്തിന്റെ അകമ്പടിയോടെ നിലപാടുതറയിൽ എത്തി മടങ്ങുന്നതാണ് ചടങ്ങ്.വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് പൂര വിളംബരം നടന്നത്. ഇതോടെ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. 

നാളെ രാവിലെ മുതൽ ഘടക പൂരങ്ങൾ എത്തി തുടങ്ങും. കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. പിന്നാലെ മറ്റ് ഘടക പൂരങ്ങളും എത്തും. 11 മണിക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ചടങ്ങ്. 12 മണിക്ക് 15 ആനകളുമായി പാറമേക്കാവ് വിഭാഗം എഴുന്നള്ളും. തുടർന്ന് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അ‍ഞ്ചരയ്ക്ക് തെക്കോട്ടിറക്കവും നടക്കും. തുടർന്നാണ് എറ്റവും വർണാഭമായ കുടമാറ്റം. ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് വെടിക്കെട്ട്. കൊവിഡിനെ തുട‍ർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊടുവിൽ രണ്ട് വർഷത്തിന് ശേഷമാണ് തൃശ്ശൂർ പൂരം അതിന്റെ എല്ലാവിധ പ്രാധാന്യത്തോടെയും നടക്കുന്നത്. 

കുടമാറ്റം കാണാൻ സ്ത്രീകൾക്കും സൗകര്യം

ഇത്തവണത്തെ തൃശ്ശൂർ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകൾക്ക് സൗകര്യം ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പൊലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടിൽ 5 ബുള്ളറ്റ് പെട്രോൾ ടീം റോന്ത് ചുറ്റും. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സഹായിക്കാൻ 7 വാഹനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. നഗരത്തിലെത്തുന്ന സ്ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാക്കും. 1515 നമ്പറിൽ വിളിച്ചാൽ എല്ലാ സഹായത്തിനും പിങ്ക് പൊലീസിന്റെ സേവനവും ഉണ്ടാകും. 


 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ
കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു