തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

By Web TeamFirst Published Apr 17, 2021, 9:52 AM IST
Highlights

വെയിലേല്‍ക്കാതെ വേണം കണിമംഗലം ശാസ്താവ് വടക്കും നാഥനിലെത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിറകെ മറ്റ് ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്ക് 1.30 ഓടെ എത്തും. 

തൃശ്ശൂര്‍: കൊവിഡ് നിയന്ത്രണങ്ങളോടെ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. നെയ്തലക്കാവ് ഭഗവതി  തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ് മണിക്കൂറുകൾ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. വെയിലേല്‍ക്കാതെ വേണം കണിമംഗലം ശാസ്താവ് വടക്കും നാഥനിലെത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിറകെ മറ്റ് ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്ക് 1.30 വരെ എത്തും. 

മറ്റൊരു ആകര്‍ഷകമായ ചടങ്ങാണ് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ നടക്കുന്ന മഠത്തില്‍വരവ്. മേളാസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന ഇലഞ്ഞിത്തറമേളം നടക്കുന്നത് ഇലഞ്ഞിമരച്ചോട്ടിലാണ്. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരൻമാര്‍ ഈ മേളവിസ്മയത്തില്‍ പങ്കെടുക്കും. ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവും കഴിഞ്ഞ് കുടമാറ്റത്തിനായി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ വടക്കും നാഥനിലെ തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങി വരുന്നതാണ് തെക്കോട്ടിറക്കം. 

പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും. 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പൂരത്തിന്  പ്രവേശനമില്ല. ഇത്തവണ പൂരം എക്സിബിഷന് പകുതി സ്റ്റാളുകൾ മാത്രമായിരിക്കും ഉണ്ടാവുക.

click me!