
കോഴിക്കോട്: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് തുടങ്ങും. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കൺട്രോൾ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കൺട്രോൾ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ 5 വാർഡുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാലും മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നും വോട്ടെടുപ്പ് ഉണ്ടായിരിക്കുന്നതല്ല. കാസർകോട് ജില്ലയിലെ 2 ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും 2 ഗ്രാമപഞ്ചായത്തുകളിലായി 9 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടികുണ്ഡ്, അൻജംപീഡിക എന്നീ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിൽ വോട്ടെടുപ്പില്ല.
മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹസീന മരണപ്പെട്ടതിനാൽ ആ വാർഡിലെ വോട്ടെടുപ്പു മാറ്റിവച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിൽ 6 വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതിനാൽ ഗ്രാമപഞ്ചായത്ത് വാർഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് സമയം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
നോട്ടയ്ക്ക് കുത്താനാവില്ല
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കുന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam