മഹേശൻ 15 കോടിയുടെ അഴിമതി നടത്തിയെന്ന് തുഷാർ: മരണക്കുറിപ്പിലൂടെ വെള്ളാപ്പള്ളിയെ കുടുക്കാൻ ശ്രമിച്ചു

By Web TeamFirst Published Jul 1, 2020, 11:47 AM IST
Highlights

പണം എടുത്ത കാര്യം മഹേശ്വൻ തന്നെ എന്നോട് സമ്മതിച്ചിക്കുകയും ചെയ്തു. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. 

തൊടുപുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി നേതാവും മൈക്രോഫിനാൻസ് പദ്ധതിയുടെ കോർഡിനേറ്ററുമായ കെകെ മഹേശനെതിരെ ഗുരുതര ആരോപണങ്ങളുമായി തുഷാർ വെള്ളാപ്പള്ളി. കെകെ മഹേശൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ക്രമക്കേട് നടത്തിയ കാര്യം മഹേശൻ തന്നോട് തുറന്നു സമ്മതിച്ചിരുന്നതായും തുഷാർ പറയുന്നു.

തുഷാറിൻ്റെ വാക്കുകൾ..

കെകെ മഹേശൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളാണ് നടന്നത്. കളിച്ചുകുളങ്ങര ക്ഷേത്രത്തിലും വൻ തട്ടിപ്പ് നടന്നു. 23 സംഘങ്ങളുണ്ടാക്കി ഒരു കോടി രൂപയുടെ ക്രമക്കേട് മൈക്രോഫിനാൻസിൽ മഹേശൻ നടത്തി. ഇതിനെല്ലാം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരുവാക്കുകയാണ് മഹേശൻ ചെയ്തത്

സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കാനുള്ള കഥ മാത്രമാണ് മഹേശ്വൻ്റ കത്ത്. ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിൽ മഹേശ്വൻ ക്രമക്കേട് നടത്തിയിട്ടുണ്ട്. പണം എടുത്ത കാര്യം മഹേശ്വൻ തന്നെ എന്നോട് സമ്മതിച്ചിക്കുകയും ചെയ്തു. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാൽ ഐശ്വര്യ ട്രസ്റ്റിൽ ക്രമക്കേടില്ല. 42% പലിശയ്ക്ക് പണം നൽകിയിട്ടുമില്ല.

കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേട് അന്വേഷിക്കണം. ദേവസ്വത്തിലെ ക്രമക്കേടുകളെ കുറിച്ച് വെള്ളാപ്പള്ളി ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹേശ്വൻ എതിരായത്. 14 വർഷം മാത്രമാണ് മഹേശ്വൻ വെള്ളാപ്പള്ളിയുമാണ് അടുത്ത് പ്രവർത്തിച്ചത്. വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശൻ കള്ളുഷാപ്പ് നടത്തിയെന്ന ആരോപണം തെറ്റാണ്. കള്ളുഷാപ്പുകൾ എല്ലാം നടത്തിയിരുന്നത് മറ്റുള്ളവരുമായി ചേർന്നാണ്.

മഹേശൻ മരണക്കുറിപ്പിൽ ഉന്നയിച്ച ആരോപണങ്ങൾ ഏത് ഏജൻസി അന്വേഷിക്കുന്നതിനോടും വിരോധമില്ല. പണം മോഷ്ടിച്ച് പിടിക്കപ്പെടുമെന്നായപ്പോൾ ആണ് മഹേശൻ ആത്മഹത്യ ചെയ്തത്. ഇതെല്ലാം മറച്ചു വച്ചു കൊണ്ട് കഥയുണ്ടാക്കി ആത്മഹത്യക്കുറിപ്പ് എഴുതി വച്ചു. ഇതിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാനായിരുന്നു മഹേശൻ്റെ നീക്കം. 

click me!