
തൃശൂര്‍: വയനാട്ടില്‍ കൂട്ടിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്കു മാറ്റി. മുഖത്തേറ്റ ആഴത്തിലുള്ള മുറിവ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. രാവിലെ ഏഴരയോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് നരഭോജി കടുവയെ കൊണ്ടുവന്നത്. പതിമൂന്ന് വയസാണ് കടുവയുടെ പ്രായം. കടുവയുടെ മുഖത്തേയും കാലിലെയും മുറിവ് ഡോക്ടര്‍മാർ പരിശോധിച്ചു. കാട്ടിൽ മറ്റു മൃഗവുമായി ഏറ്റുമുട്ടിയുണ്ടായ പരിക്കാണ് ഇതെന്നാണ് അനുമാനം. പ്രായമായ കടുവയായതിനാൽ ചികിത്സ കരുതലോടെ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
നാല്പത് മുതൽ അറുപത് ദിവസം വരെയാണ് കടുവയുടെ ക്വാറന്റൈൻ. അക്കാലത്തിനിടെ ആരോഗ്യം വീണ്ടെടുക്കുകയാണ് വെല്ലുവിളി. തുടർന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും. ദിവസം ആറ് കിലോ ബീഫടക്കമുള്ള ഭക്ഷണമാണ് കടുവയ്ക്ക് പുത്തൂരിൽ നൽകുക. നെയ്യാറില്‍ നിന്ന് കൊണ്ടുവന്ന വൈഗ, ദുര്‍ഗ എന്നീ കടുവകളും നിലവിൽ പുത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരേക്കര്‍ തുറസായ സ്ഥലമാണ് കടുവകൾക്ക് ഒരുക്കിയിരിക്കുന്ന താവളം.
വയനാട്ടിലെ കൂടല്ലൂരിൽ ക്ഷീരകര്‍ഷകനായ പ്രജീഷിനെ ആക്രമിച്ച് കൊന്ന് തിന്ന കടുവയാണിത്. പത്ത് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കടുവയെ വയനാട്ടിൽ നിന്ന് പിടികൂടാനായത്. ഇക്കഴിഞ്ഞ ഒമ്പതിനാണ് കടുവ പ്രജീഷിനെ കൊലപ്പെടുത്തിയത്. വയനാട് കുപ്പാടിയിലെ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിലവിൽ ഏഴ് കടുവകളുണ്ട്. ഈ സാഹചര്യത്തിലാണ് ആളക്കൊല്ലി കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കടുവയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുമെന്ന് നാട്ടുകാർക്ക് അധികൃതര്‍ ഉറപ്പ് നൽകിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam