
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാൻ ജൂൺ 15 വരെ സമയം നീട്ടി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക്ക്ഡൗൺ മൂലം വാഹനങ്ങൾ ഓടാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ വർഷം ഫെബ്രുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് ജൂൺ മുപ്പത് വരെ കാലാവധിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ കൊല്ലത്തും രണ്ട് പേർ വീതം തിരുവനന്തപുരം, കാസർകോട് സ്വദേശികളുമാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ് കാസർകോട്ടെ ഒരു മാധ്യമപ്രവർത്തകനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്. 20673 പേർ നിരീക്ഷണത്തിലുണ്ട്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്..ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി. 24952 സാംപിളുകൾ ഇതുവരെ ശേഖരിച്ച് പരിശോധിച്ചു. 23880 എണ്ണം നെഗറ്റീവാണ്. ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നീ വിഭാഗങ്ങളിൽ നിന്നും ശേഖരിച്ച 875 സാംപിളുകളിൽ 801 എണ്ണം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പുനപരിശോധനയ്ക്ക് അയച്ച 25 സാംപിളുകളുടെ റിസൽട്ട് ഇനിയും വന്നിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam