Latest Videos

കണക്ക് ശരിയാവാതെ വന്നപ്പോൾ പിരിച്ചുവിട്ടു; സുഹൃത്തുക്കളുമായെത്തി തലങ്ങും വിലങ്ങും വെട്ടി, 5 പേർ അറസ്റ്റിൽ

By Web TeamFirst Published Apr 20, 2024, 1:32 PM IST
Highlights

പിരിച്ചുവിടപ്പെട്ട ശേഷം ഡ്രൈവർ, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിക്കുകയും. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് മിഥുൻ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്തമൻ വഴങ്ങിയിരുന്നില്ല. ഇതിന്‍റെ വൈരാഗ്യത്തിലാരുന്നു ചൊവ്വാഴ്ചയിലെ ആക്രമണം. 

മിഥുന്‍റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ കാട്ടാക്കട കൊറ്റംപള്ളിയിൽ വളഞ്ഞിട്ട് ആക്രമിച്ചു. തലക്കും ഇടതു കക്ഷത്തിനും സംഘം തലങ്ങും വിലങ്ങും വെട്ടി. തലക്ക് ഗുരുതരമായി പരിക്കേറ്റ ഉത്തമന്‍റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരും കൊലപാതക കേസുകളിൽ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!