
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കായി 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിലാണ് ഭക്ത ജനങ്ങൾ ഏറെയെത്തുന്ന പ്രധാന ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വമ്പൻ പ്രഖ്യാപനമുള്ളത്. തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കുന്നത്. ഈ മൂന്ന് പ്രമുഖ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തിൽ തിരുപ്പതി മോഡൽ ക്ഷേത്ര വികസനത്തിനായുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുക. തീർത്ഥാടകർക്കായുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിൽ ഈ പദ്ധതി വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതിനൊപ്പം തന്നെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ സ്മാരക കേന്ദ്രം രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിലൂടെ അറിയിച്ചു.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ക്ഷേത്ര വികസനത്തിനൊപ്പം വിദ്യാഭ്യാസം, സ്ത്രീക്ഷേമം, സാമൂഹിക സുരക്ഷ എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ പേരിൽ ആന്റി റാഗിങ് പദ്ധതി: പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി പ്രത്യേക ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിങ് പൂർണ്ണമായി തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്കായി 600 കോടി രൂപ മാറ്റിവെച്ചു. ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര വിഹിതം പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്ത സാഹചര്യത്തിൽ വാർഷിക പദ്ധതി അടങ്കൽ തുക 30,370 കോടിയായി കുറച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം ഉയർത്തിയ കേന്ദ്ര നയത്തെ അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വിമർശിക്കുകയും ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam