
കോഴിക്കോട്: കോഴിക്കോട് ഹോട്ടൽമുറിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. കോരങ്ങത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ ആണ് കബറടക്കം. എക്സ് റേ പരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് മണിയോടെയാണ് മൃതദേഹം അട്ടപ്പാടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
എക്സ് റേ പരിശോധനയ്ക്ക് ശേഷമാണ് തിരികെ മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ലോഹത്തിൻ്റെയോ ആയുധത്തിൻ്റെയോ അവശിഷ്ടങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോയെന്നും സ്ഥിരീകരിക്കാനായിരുന്നു പരിശോധന. ആന്തരീക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് മാത്രമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകൂ. ആറ് മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്ന് ബന്ധുക്കൾ പറയുന്നു.
കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ചാണ് സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാർ സിദ്ദീഖിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറയുന്നു.
പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി. അതേസമയം ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നായിരുന്നു ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചളവറ സ്വദേശിനിയാണ് ഫർഹാന. ഷിബിലിക്കെതിരെ ഹർഹാന 2021- ൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നൽകിയിരുന്നതായും വിവരം പുറത്തുവന്നു. ബാഗുകളിൽ രണ്ടായി വെട്ടി മുറിച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
വ്യാപാരിയുടെ കൊലപാതകം ദുരൂഹം, വെട്ടി നുറുക്കി പെട്ടിയിലാക്കി തള്ളി, കൊല നടത്തിയത് ഹോട്ടൽ മുറിയിൽ
തിരൂരിലെ ഹോട്ടലുടമയുടെ വധിച്ചത് സ്വന്തം ജീവനക്കാരൻ; പെൺസുഹൃത്തിനും പങ്ക്: അന്വേഷണം