Asianet News MalayalamAsianet News Malayalam

മൃതദേഹം നേർ പകുതിയാക്കി മുറിച്ചു; രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു, പ്രതി ഷിബിലിന് പ്രായം 22, ഫർഹാനയ്ക്ക് 18 !

വ്യാപാരിയെ കൊന്ന് രണ്ടായി മുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു

Kozhikode hotel owner Siddique murder case updates ppp
Author
First Published May 26, 2023, 11:13 AM IST

മലപ്പുറം: തിരൂരിലെ ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദീഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലിൽ കൊല്ലപ്പെട്ടത് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. വെറും 22-ും 18-ും വയസുള്ള യുവതീ യുവാക്കൾ നടത്തിയതാണോ ഈ കൊലപാതകം. വെറും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. അതേസമയം കേസിൽ പൊലീസ് അതിവേഗം മുന്നോട്ടുപോവുകയാണ്.

ഈ മാസം 18 നായിരുന്നു കൊല്ലപ്പെട്ട സിദ്ദിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. പലപ്പോഴും ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവ്, അതുകൊണ്ട് ആരും ആദ്യം കാര്യമായി അന്വേഷിച്ചില്ല. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയത് കാരണം മകൻ ബുധനാഴ്ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചു. ഇത് സംശയത്തിന് ബലം പകരുകയും ചെയ്തു. കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് രണ്ടുപേർ പിടിയിലാകുന്നത്.  സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഷിബിലി  ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്. 

ഏറെ ഞെട്ടിക്കുന്ന കാര്യം ഇരുവരുടെയും പ്രായമായിരുന്നു. 22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.  

Read more: അധ്യാപികമാരും പ്രധാനധ്യാപികയും തമ്മിൽ പൊരിഞ്ഞ അടി, കാരണം കേട്ട് മൂക്കിൽ വിരൽ വച്ച് കുട്ടികൾ!

സംഭവത്തിൽ നാല് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറയുന്നു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി. അതേസമയം ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നായിരുന്നു ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.  ചളവറ സ്വദേശിനിയാണ് ഫർഹാന. ഷിബിലിക്കെതിരെ ഹർഹാന 2021- ൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നൽകിയിരുന്നതായും വിവരം പുറത്തുവന്നു.

Follow Us:
Download App:
  • android
  • ios