
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം ആര്‍ടി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഓൺലൈനായാണ് ആര്‍സി ബുക്കിലെ പേര് മാറ്റിയതെന്നും മോട്ടോര്‍ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിലെ പഴുത് ഉപയോഗിച്ച് കൃത്രിമം കാണിച്ചുവെന്നുമാണ് ആർടിഒ ഓഫീസിൽ നിന്ന് പൊലീസിന് നൽകിയ വിവരം. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മൊഴി പൂര്‍ണമായും കണക്കിലെടുക്കുന്നില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് സംഘം അറിയിച്ചു.
വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്തിരുന്നു.ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്‍ നിന്നും മാറ്റിയത്.ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് ജോയിന്‍റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വാഹനങ്ങളും പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് മുഖേന ഓൺലൈനിൽ ആണ് ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നൽകേണ്ടത്. അങ്ങനെ അപേക്ഷ നല്‍കുമ്പോള്‍ ഉടമസ്ഥന്‍റെ ഫോൺ നമ്പറില്‍ ഒടിപി വരും. ഇവിടെ ഈ ഒടിപി വന്നില്ല.
പുറത്തു നിന്നുള്ള ഒരാള്‍ക്ക് ഇടപെടാൻ കഴിയാത്ത സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഉടമസ്ഥരുടെ ആവശ്യപ്രകാരമോ മരിച്ചവരുടെ ഫോൺ നമ്പര്‍ മാത്രമാണ് മാറ്റാറുള്ളത്. അതിനു തന്നെ മതിയായ നിരവധി രേഖകള്‍ ഹാജരാക്കണം. മരിച്ചവരുടെ കാര്യത്തിലാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതൊന്നുമില്ലാതെ ഇത്രയും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് വാഹനങ്ങളുടെ ഇപ്പോഴത്തെ ഉടമകളുടെ പേരില്‍ മാത്രമാണ്. ഈ വലിയ തട്ടിപ്പിന്‍റെ പിന്നിലുള്ള എല്ലാവരേയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പങ്ക് കൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam