
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് മക്കളുമായി കാണാതായ റീനയുടെ ഭർത്താവ് മരിച്ച നിലയിൽ. 41കാരനായ അനീഷ് മാത്യുവിനെയാണ് കവിയൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടേയും മകളുടേയും തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചെന്നും അതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഓഗസ്റ്റ് 17നായിരുന്നു റീനയേയും മക്കളായ എട്ട് വയസുകാരി അക്ഷരയേയും 6 വയസുകാരി അൽക്കയേയും കാണാതായത്. നിരണത്തെ വാടകവീട്ടിൽ നിന്നാണ് കാണാതായത്. മൂന്ന് പേരും ബസിലടക്കം യാത്ര ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് അനീഷ് മാത്യുവിനെ ഇന്ന് വൈകീട്ട് നാലരയോടെ കവിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. റീന തിരോധാന കേസിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുളിക്കീഴ് പൊലീസ് പല തവണ അനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ സമയം മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു.
റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നിൽ ഒരുപാട് സംശയങ്ങളുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. റീനയെയും മക്കളെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇവരെക്കുറിച്ച് ഇതുവരെയും കാര്യമായ സൂചനകളില്ല. തൃശ്ശൂർ ഭാഗത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത വിവരം പോലീസിന് കിട്ടിയിട്ടുണ്ട്. അനീഷും റീനയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഭാര്യയെയും കുട്ടികളെയും കാണാതായെന്ന വിവരം രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് അറിയിച്ചതെന്നും റീനയുടെ ബന്ധുക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam