
പത്തനംതിട്ട : ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായർ വാങ്ങിയത്. യുവതിയുടെ പരാതിയിൽ കീഴ്‍വായ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായവർ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കിൽ, തലസ്ഥാനവും കടന്ന് കൂടുതൽ ഉദ്യോഗാർത്ഥികൾ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂർ പൊലീസിന് പരാതി കിട്ടിയത്.
ഇക്കഴിഞ്ഞ ജൂലൈ മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ജോലികിട്ടുമെന്ന പ്രതീക്ഷയിൽ ദിവ്യ നായർക്ക് പണം കൈമാറിയത്. ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥികൾ ദിവ്യ നായർക്ക് പണം അയച്ച യൂണിയൻ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പല തവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്
2018 മുതൽ ദിവ്യ നായർ വിവിധ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയിരുന്നു. ടൈറ്റാനിയത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ദിവ്യ നായർ തട്ടിപ്പ് നടത്തിയെന്ന സൂചന പൊലീസിന് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥീരീകരണമുണ്ടാവുന്നത് ആദ്യമാണ്. കീഴ്വായ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങുന്നതിനടക്കമുള്ള നടപടികളിലേക്ക് പൊലീസ് അടുത്ത ദിവസം കടക്കും.
ടൈറ്റാനിയം ജോലി തട്ടിപ്പ്: 31 പേരെ അഭിമുഖം നടത്തിയെന്ന് ദിവ്യ നായർ, ശബ്ദരേഖ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam