മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണം, 15 മരം മുറിക്കണം; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ

By Web TeamFirst Published Nov 16, 2022, 10:28 AM IST
Highlights

മുല്ലപ്പെരിയാർ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബര്‍ 6ന് മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നൽകിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ പുതിയ അപേക്ഷ. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടിയത്. 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

ബേബി അണക്കെട്ട് ബലപ്പെടുത്താൻ 2006ലെയും 2014ലെയും വിധികളിലൂടെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്ന വാദമാണ് തമിഴ്നാട് സർക്കാർ ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബര്‍ 6ന് മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നൽകിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടർന്ന് സുപ്രീം കോടതിയെ തമിഴ്നാട് സർക്കാർ സമീപിച്ചിരുന്നു. കേരളം മരംമുറിക്കാൻ നൽകിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചിരുന്നു.

മരം മുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിറക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പ്രധാന അണക്കെട്ട് ബലപ്പെടുത്താനായി യന്ത്ര സാമഗ്രികൾ കൊണ്ടുപോകാനും അന്ന് അനുമതി ചോദിച്ചിരുന്നു. വള്ളക്കടവ്-മുല്ലപ്പെരിയാര്‍ വനപാതയുടെ അറ്റകുറ്റപ്പണികൾ വേഗം പൂര്‍ത്തിയാക്കാൻ ആവശ്യപ്പെടണം. ഇക്കാര്യങ്ങളിൽ മേൽനോട്ട സമിതിയുടെ നിര്‍ദ്ദേശം പലതവണ ഉണ്ടായിട്ടും അത് പാലിക്കാൻ കേരളം തയ്യാറായില്ല. അണക്കെട്ട് പ്രദേശത്ത് മഴമാപിനി സ്ഥാപിക്കാൻ 2015ൽ സമ്മതിച്ച കേരളം, ഇത് സ്ഥാപിച്ചത് 2020ലാണ്. എന്നാൽ അതിന്‍റെ വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറാകുന്നില്ല തുടങ്ങി നിരവധി പരാതികളാണ് അന്ന് തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഉയര്‍ത്തിയത്.

click me!