
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിഎച്ച്പി (VHP) സംഘടിപ്പിച്ച റാലിയിൽ വാളുകളേന്തി പെൺകുട്ടികൾ അണിനിരന്നെന്ന് ടി എൻ പ്രതാപൻ എംപി (TN Prathapan MP). സംഭവത്തെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തി. വിദ്വേഷവും ഭീതിയും വിതച്ചും കൊയ്തും അപരനിർമ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാൻ വർഗീയവാദികൾ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും പ്രതാപൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപൽക്കരമായ പ്രകടനങ്ങളും പ്രദർശനങ്ങളും കേരളത്തിൽ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
ടിഎൻ പ്രതാപൻ എംപിയുടെ കുറിപ്പ്
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ വിഎച്ച്പി സംഘടിപ്പിച്ച റാലിയിൽ വാളുകളേന്തി പെൺകുട്ടികൾ അണിനിരന്നത് കാണാൻ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിർമ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാൻ വർഗ്ഗീയവാദികൾ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും? മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപൽക്കരമായ പ്രകടനങ്ങളും പ്രദർശനങ്ങളും കേരളത്തിൽ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീർച്ചയാണ്.