
കൊല്ലം: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കു വാഹനങ്ങളിലും മറ്റും ആളുകൾ അതിർത്തി കടക്കുന്നതിനാലാണ് നടപടി.
ജില്ലയിൽ രണ്ട് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുനലൂർ ഇളമ്പൽ സ്വദേശിയായ 22 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാൾ. മെയ് 27 ന് പുലർച്ചെ എറണാകുളം സ്പെഷൽ ട്രെയിനിൽ എത്തിയ ഈ യുവാവിന് ബോധക്ഷയം സംഭവിച്ചിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സാമ്പിൾ ശേഖരിച്ചു. പിന്നീട് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിചരണത്തിലാണ്.
കുവൈറ്റിൽ നിന്നും തിരികെയെത്തിയ അഞ്ചൽ സ്വദേശിയായ 48കാരിയാണ് രണ്ടാമത്തെയാൾ. എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ നിലവിൽ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗ നിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam