പുകയുന്ന കൊച്ചി, കളക്ടർ മാറ്റം, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് സുരക്ഷ, എസ്എസ്എൽസി; ഇപി, എംവി, ഗോവിന്ദൻ: 10 വാർത്ത

Published : Mar 08, 2023, 06:58 PM ISTUpdated : Mar 08, 2023, 07:19 PM IST
പുകയുന്ന കൊച്ചി, കളക്ടർ മാറ്റം, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് സുരക്ഷ, എസ്എസ്എൽസി; ഇപി, എംവി, ഗോവിന്ദൻ: 10 വാർത്ത

Synopsis

എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തവുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ഇന്നും കേരളത്തിൽ വലിയ തോതിൽ ചർച്ചയായത്. 

1 ബ്രഹ്മപുരം തീപിടുത്തം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം. തദ്ദേശമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പടെ അടിയന്തര യോഗത്തിൽ പങ്കെടുത്തു. അതിനിടെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ട‍ര്‍ അവധി പ്രഖ്യാപിച്ചു. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. 

2 'ഉറവിട മാലിന്യ സംസ്കരണം വേണം, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം'; ക‍ർശന ഇടപെടലുമായി ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്നും കോടതി വ്യക്തമാക്കി.

3 ബ്രഹ്മപുരം അഗ്നിബാധ: ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശൻ, ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടണം

ബ്രഹ്മപുരം അഗ്നിബാധയിൽ സ‍ർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നും രംഗത്തെത്തി. ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചില്ലും ജീവശ്വാസം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സതീശൻ പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാൽ കേന്ദ്രസർക്കാരിന്‍റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

4 കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം: എൻ.എസ്.കെ ഉമേഷ് പുതിയ എറണാകുളം കളക്ടര്‍, രേണുരാജിന് വയനാട്ടിൽ നിയമനം

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സ‍ര്‍ക്കാര്‍ വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്. വയനാട് കളക്ടര്‍ എ ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി ആ‍ര്‍ കെ കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായി നിയമിച്ചു.

5 ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണം; പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ ഉണ്ടായ എസ് എഫ് ഐ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഹർജി നൽകിയത്. 

6 എസ്എസ്എൽസി പരീക്ഷക്ക് നാളെ തുടക്കം,ഫോക്കസ് ഏരിയ ഇല്ല,മുഴുവന്‍ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കത്തുന്ന വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ്. 2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും  അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്.ഏപ്രിൽ 3 മുതൽ എസ്എശ്എൽസി മൂല്യനിർണ്ണയും തുടങ്ങും.  മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.

7 കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തർക്കം: എതിര്‍പ്പുമായി വിദ്യാഭ്യാസമന്ത്രി

കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തർക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസമന്ത്രി മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉന്നയിച്ചു. കായിക പഠനത്തിൻറെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തർക്കം. പരീക്ഷാ നടത്തിപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവാദിത്വമാണെന്നും അതെങ്ങിനെ കായിക വകുപ്പ് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. കൂടുതൽ ചർച്ചകൾക്കായി നയം അംഗീകരിക്കൽ ഒടുവിൽ മാറ്റിവെച്ചു. എല്ലാവർക്കും കായികവിദ്യാഭ്യാസം എന്ന നിലക്ക് കായിക പഠനം നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചത്.

8 'ലാദൻ' പരാമർശത്തിൽ എംവി ജയരാജനെ പിന്തുണച്ച് സിപിഎം സെക്രട്ടറി, ജെൻഡർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പിക്കും പിന്തുണ

ജെൻഡർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരായ ബിൻ ലാദൻ പരാമർശത്തില്‍ എം വി ജയരാജനോട് കാര്യങ്ങൾ തിരക്കിയെന്നും അദ്ദേഹം പറഞ്ഞു. ആ പരാമർശം വംശീയ പരാമർശമല്ലെന്നും പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണെന്നും അദ്ദേഹം വിവരിച്ചു.എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ല. പാർട്ടി അല്ല ആക്രമിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ല. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

9 ശബ്ദം കുറഞ്ഞപ്പോൾ അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ, മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത് വേദനാജനകം'

ജനകീയ പ്രതിരോധ യാത്ര വേദിയിൽ വച്ച് മൈക്ക് ഓപറേറ്ററെ പരസ്യമായി ശകാരിച്ച സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ  പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ രംഗത്തെത്തി. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചത് വേദനയുണ്ടാക്കിയെന്ന് അസോസിയേഷൻ വ്യക്തമാക്കി. ശരിയായ രീതിയൽ ആയിരുന്നില്ല  പ്രസംഗിച്ചത്. ഖേദം പ്രകടിപ്പിക്കുന്ന കാര്യത്തിൽ എം വി ഗോവിന്ദന് സ്വയം തീരുമാനം എടുക്കാമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

10 സി എം രവീന്ദ്രൻ രണ്ടാം ദിവസും ഇ ഡി ഓഫീസിൽ, ചോദ്യം ചെയ്യൽ ലൈഫ് മിഷന്‍ കോഴ ഇടപാടില്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്യ്തു. ഇന്നലെ പത്തര മണിക്കൂർ സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതിയിൽ ഇ ഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം  ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ കോഴ നൽകിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങൾ തേടുന്നത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം