പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകളും ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി നിൽക്കുകയാണ്. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

കൊച്ചി: ബ്രഹ്മപുരം അഗ്നിബാധയിൽ സ‍ർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചില്ലും ജീവശ്വാസം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സതീശൻ പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

വി.ഡി സതീശൻ്റെ വാക്കുകൾ - 
ബ്രഹ്മപുരത്തേത് ഗുരുതര പ്രശ്‍നമാണ്. എന്നാൽ മന്ത്രി നിയമസഭയിൽ പറഞ്ഞത് ഒരു പ്രശ്നവും ഇല്ലെന്നാണ്. പക്ഷേ ജനത്തിന് നടക്കാൻ പോലും ആകുന്നില്ല. വാസ്തവ വിരുദ്ധമായ കാര്യമാണ് അദ്ദേഹം സഭയിൽ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജി വരെ ശ്വാസം തടസ്സം നേരിട്ടു. അടുത്ത ജില്ലകളിലുള്ള ജനങ്ങളെ ബാധിക്കുന്ന തരത്തിൽ പ്രശ്നം വഷളായി. ആരോഗ്യവകുപ്പും തദ്ദേശഭരണവകുപ്പും അടക്കമുള്ള വകുപ്പുകളെല്ലാം നിഷ്ക്രിയരായി ഇരിക്കുകയാണ്. ഗുരുതര സാഹചര്യം നേരിടാൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. പെട്രോൾ ഒഴിച്ചു ആണ് തീയിട്ടത്. ആശുപത്രികളിൽ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയിൽ ആരു വന്നാലും പ്രശ്‍നമില്ല. കോൺഗ്രസ്സുകാർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കാം. കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. അടിയന്തര ഗൗരവത്തോടെ സ‍ർക്കാർ ഈ വിഷയം നേരിടണം. ഇങ്ങനെയൊരു സാഹചര്യം നേരിടാൻ സർക്കാരിനായില്ലെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണം. മാർച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല.