കൊച്ചിയെ കൊല്ലരുത്, 3 നാൾ അവധി; ആശ്വാസമാകാൻ വേനൽമഴ, രാഹുലിനെതിരെ ബിജെപി നീക്കം, കോലിയുടെ നഷ്ടം: 10 വാർത്ത

Published : Mar 12, 2023, 06:24 PM IST
കൊച്ചിയെ കൊല്ലരുത്, 3 നാൾ അവധി; ആശ്വാസമാകാൻ വേനൽമഴ, രാഹുലിനെതിരെ ബിജെപി നീക്കം, കോലിയുടെ നഷ്ടം: 10 വാർത്ത

Synopsis

ബ്രഹ്മപുരത്തെ തീയിലും പുകയിലും ശ്വാസം മുട്ടുനന കൊച്ചിയിലെ ജീവതം തന്നെയായിരുന്നു ഇന്നത്തെയും ഏറ്റവും വലിയ ചർച്ച. അതിനിടെ കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തുന്നുവെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ബ്രഹ്മപുരത്തെ തീയിലും പുകയിലും ശ്വാസം മുട്ടുന്ന കൊച്ചിയിലെ ജീവതം തന്നെയായിരുന്നു ഇന്നത്തെയും ഏറ്റവും വലിയ ചർച്ച. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊല്ലരുത് കൊച്ചിയെ എന്ന ക്യാമ്പെയിനിൽ പങ്കെടുത്ത വിവിധ മേഖലകളിലെ പ്രമുഖരെല്ലാം അധികൃതരുടെ വീഴ്ചക്കെതിരെ തുറന്നടിച്ചു. അതിനിടെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ 3 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തുന്നുവെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം ചുവടെ

1 വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി, ബന്ധു വീടുകളിൽ അഭയം തേടുന്ന ജനം; സർക്കാർ അനാസ്ഥക്കെതിരെ ജനരോഷം

വിഷപ്പുകയിൽ പതിനൊന്നാം ദിനവും ശ്വാസം മുട്ടുകയാണ് കൊച്ചി. ആരോഗ്യപ്രശ്നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങളുമായി പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും ജനം അഭയം തേടി. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാർ വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് മടങ്ങി. വിഷപ്പുകയിൽ സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഒരു നിർമാർജന സംവിധാനവും ഇല്ലാതെ ഇത്രയധികം മാലിന്യം കുന്നുകൂട്ടിയ സർക്കാർ ദുരന്തം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന വിമർശനവുമായി പ്രമുഖർ അടക്കം രംഗത്തെത്തി. അധികൃതരുടെ വീഴ്ചയെ കുറിച്ച് തുറന്നടിച്ച് നിരവധിപ്പേരാണ് ഏഷ്യാനെറ്റ് ന്യൂസ്  'കൊല്ലരുത് കൊച്ചിയെ' ക്യാമ്പയിനിലും പങ്കെടുത്തത്.

2 ബ്രഹ്മപുരം പുക; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു

ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 കൂടി അവധി പ്രഖ്യാപിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23 (തിങ്കൾ), 14-03-23 (ചൊവ്വ), 15-03-23 (ബുധൻ) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ  സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

3 നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമെന്ന് വിദ​ഗ്ധൻ ജോർജ് ഹീലി; ശാശ്വത പരിഹാരത്തിനുള്ള ശ്രമമെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വീകരിച്ച രീതിയാണ് ഏറ്റവും ഉചിതമെന്ന് ദേശീയ - അന്തർദേശീയ വിദ​ഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി നിർദേശിച്ചുവെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോർജ്ജ് ഹീലി നിർദേശിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ ഐ ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

4 ഒടുവിൽ കേരളത്തിന് ആശ്വാസ വാർത്ത! ഇതാ എത്തി വേനൽമഴ: ഇന്നുമുതൽ മഴയ്ക്ക് സാധ്യത, താപനില ഉയരില്ല, അറിയേണ്ടതെല്ലാം

കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാ‍ർത്ത. ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. വേനൽ മഴ എത്തുന്നതോടെ കൊടും ചൂടിൽ നിന്നും മോചനത്തിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

5 അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തും, നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘമെത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉള്ളത്. ഈ മാസം 16ന് ശേഷമാണ് ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ  സംഘമെത്തുക. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. പത്താംക്ലാസ്-ഹയര്‍സെക്കന്‍ഡറി  പരീക്ഷ നടക്കുന്ന തീയതി ഒഴിവാക്കി ആകും ആനയെ പിടികൂടാൻ ശ്രമിക്കുക.144 പ്രഖ്യാപിക്കേണ്ടിവരും എന്നതു കൊണ്ടാണിതെന്നും മന്ത്രി അറിയിച്ചു.

6 ബംഗളൂരു-മൈസൂരു യാത്രക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത സമര്‍പ്പിച്ച് പ്രധാനമന്ത്രി, പണി തീരാത്ത ഉദ്ഘാ‌ടനമെന്ന് ആരോപിച്ച് പ്രതിഷേധം

മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു.  117 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 8480 കോടി രൂപ ചിലവഴിച്ചാണ് പാത നിർമ്മിച്ചത്. മെയിൻ റോഡ് ആറ് വരിപ്പാതയാണ്. സർവീസ് റോഡ് നാല് വരിപ്പാതയും. നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും എന്നതാണ് പാതകൊണ്ടുള്ള ഗുണം. അതേസംയം പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് രാമനഗരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയർന്നു. എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടർപാസുകളും സർവീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലെന്നും ഇവർ ആരോപിച്ചു. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകർക്ക് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

7 രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി

രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശക്തമാക്കാന്‍ ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കും.

8 സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

സ്വവർ​ഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധം. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല.  കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം ഹർജികളിൽ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരി​ഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്. ഭാര്യാ ഭർ‌തൃ സങ്കൽപവുമായി ചേർന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്പര്യവുമായി, ഭാരതസംസ്കാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവർ​ഗ വിവാഹത്തെ അം​ഗീകരിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ  വ്യക്തമാക്കുന്നത്. സ്വവർ​ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

9 'മലയാളി പൊളിയല്ലേ'; യുവാവ് പറ്റിച്ച 93-കാരി ദേവയാനിയമ്മക്ക് സഹായമൊഴുകിയെത്തി, ലോട്ടറി കച്ചവടം തുടങ്ങി

തൊണ്ണൂറ്റി മൂന്ന് വയസുള്ള മുണ്ടക്കയത്തുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി യുവാവ് തട്ടിയെടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസം ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ഇന്നലെ നൊമ്പരപ്പെട്ടവർക്കെല്ലാം ആശ്വാസമേകുന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്. ദേവയാനിയമ്മയെന്ന വയോധികയുടെ സങ്കടത്തിനൊപ്പം ചേർന്ന സുമനസുള്ള മലയാളികളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ലോട്ടറിക്കച്ചവടം തുടങ്ങിയിരിക്കുകയാണ് ഈ അമ്മുമ്മ.

10 കോലിക്ക് ഇരട്ട സെഞ്ചുറി നഷ്ടം, അവസാനം കൂട്ട വിക്കറ്റ് വീഴ്ച; ഇന്ത്യ 571ല്‍ പുറത്ത്

ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടർന്ന ഇന്ത്യ 571/9ല്‍ പുറത്ത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത മുൻ നായകൻ വിരാട് കോലിക്ക് ഇരട്ട സെഞ്ചുറി നഷ്ടമായത് മാത്രമാണ് ഏവരെയും നിരാശപ്പെടുത്തിയത്. 364 പന്തില്‍ 186 റണ്‍സ് നേടിയ വിരാട് കോലി അവസാനക്കാരനായാണ് പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. 128 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് പുറമെ 79 റൺസ് നേടിയ അക്സർ പട്ടേലും ചേ‍ർന്നാണ് ഇന്ത്യക്ക് നിർണായക ലീഡ് സമ്മാനിച്ചത്. രോഹിത് ശർമ്മ (35), ചേതേശ്വർ പൂജാര (42), രവീന്ദ്ര ജഡേജ (28), കെ എസ് ഭരത് (44), രവിചന്ദ്രന്‍ അശ്വിന്‍ (7), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ