ആർക്കുവേണ്ടി? ജമാഅത്തെ ഇസ്ലാമിയോട് മുഖ്യമന്ത്രി, ആകാശ് കടക്ക് പുറത്തെന്ന് സിപിഎം; ഞെട്ടിച്ച് ബൈഡൻ: 10 വാ‍ർത്ത

Published : Feb 20, 2023, 07:06 PM ISTUpdated : Feb 20, 2023, 07:38 PM IST
ആർക്കുവേണ്ടി? ജമാഅത്തെ ഇസ്ലാമിയോട് മുഖ്യമന്ത്രി, ആകാശ് കടക്ക് പുറത്തെന്ന് സിപിഎം; ഞെട്ടിച്ച് ബൈഡൻ: 10 വാ‍ർത്ത

Synopsis

ജമാഅത്തെ ഇസ്ലാമി - ആ‌ർഎസ്എസ് ചർച്ചക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതും ആകാശ് തിലങ്കരിയെ പരസ്യമായി സി പി എം തള്ളിപ്പറഞ്ഞതുമടക്കമുള്ളതാണ് ഇന്നത്തെ 10 പ്രധാനവാർത്ത

1 ജമാഅത്തെ ഇസ്ലാമി - ആ‌ർഎസ്എസ് ചർച്ച ആ‍ർക്ക് വേണ്ടി? എല്ലാ വ‍ർ​ഗീയതയും ഒന്നെന്ന് മുഖ്യമന്ത്രി

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയത ഏതായാലും എതി‍ർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ എന്ത് കാര്യമാണ് സംസാരിക്കാനുള്ളത്? ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നു. എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി - ആ‌ർ എസ് എസ് ചർച്ച ആ‍ർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

2 ആകാശ് ചില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് സിപിഎം പൊതു യോ, പി ജയരാജനനടക്കമുള്ളവർക്കൊപ്പം വേദിയിൽ ആകാശ് തില്ലങ്കേരിയുടെ അച്ഛനും

ആകാശ് തില്ലങ്കേരിയെ പരസ്യമായി തള്ളിപ്പറഞ്ഞ് സി പി എം പൊതുയോഗം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പി ജയരാജനുമടക്കമുള്ള നേതാക്കൾ പങ്കെടുത്ത പരിപാടിയുടെ വേദിയിൽ ആകാശിന്റെ അച്ഛൻ വഞ്ഞേരി രവിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. പാർട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോട് അല്ല നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. പി ജയരാജൻ അടക്കമുള്ളവ‍ർ ആകാശ് തില്ലങ്കേരിക്ക് പരസ്യമായി താക്കീതും നൽകി. അതേസമയം ആകാശ് തില്ലങ്കേരിയുടെ അച്ഛൻ പി ജയരാജന്‍റെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ വേദി വിട്ടിറങ്ങി.

3 ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ

ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

4 'ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം, ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ ഒറ്റപ്പെടും'

ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത പരിഹാസവുമായി സി ഐ ടി യു നേതൃത്വം രംഗത്തെത്തിയതാണ് മറ്റൊരു വാർത്ത. വേതാളത്തെ തോളിലിട്ട പോലെ സി എം ഡി യെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു. അതേസമയം കാര്യമറിയാതെയാണ് എ കെ ബാലൻ ഉൾപ്പടെയുള്ളവർ വിമർശിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

5 കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയ കർഷക പഠന സംഘം തിരിച്ചെത്തി; ബിജു കുര്യൻ എവിടെ? ഇനിയും കണ്ടെത്താനായില്ല

കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകരടക്കമുള്ള പഠന സംഘം തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജു കുര്യനെ കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ പറഞ്ഞു. ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ  (48)  എന്ന കര്‍ഷകൻ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് കര്‍ഷക സംഘം മടങ്ങിയത്. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

6 പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ വീട്ടിൽ കയറി അമ്മയെ വെട്ടിക്കൊന്നു

പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പാ കേസ് പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു എന്നതാണ് ഇന്ന് ഞെട്ടിച്ച സംഭവം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാതയാണ് കൊല്ലപ്പെട്ടത്. രാത്രിയാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഇരുപതോളം ആളുകളടങ്ങിയ സംഘം സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്കും മുഖത്തും അടി കിട്ടിയത്. ആഴത്തിൽ മുറിവേറ്റ സുജാതയെ സൂര്യ ലാലിന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

7 റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി മലയാളിയായ അനീഷാണെന്ന് വ്യക്തമായതോടെ ഇയാളെ പൊലീസ് പിടികൂടി. അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സും ചെരുപ്പുമാണ്. സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ നിർമാണ ഇടങ്ങളിലെ സംശയമുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അനീഷ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശിയാണ് അറസ്റ്റിലായ അനീഷ്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്.

8 'സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം'; പാര്‍ലമെന്‍റ് പരിധിയില്‍ വരുന്ന വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. വിവാഹപ്രായം പാർലമെന്‍റിന്‍റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബി ജെ പി നേതാവ് അശ്വനി കുമാർ ഉപാധ്യയായിരുന്നു ഹർജിക്കാരൻ. പുരുഷന്മാരുടേതിന് തുല്ല്യമായി സ്ത്രീകളുടെ വിവാഹപ്രായവും 21 ആയി ഉയര്‍ത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായത്തിലെ വ്യത്യാസം തുല്ല്യതക്ക് എതിരാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. 

9 ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇഡി റെയ്ഡ്; നടപടി പ്ലീനറി സമ്മേളനം നടക്കാനിരിക്കെ

പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. പതിനാല്  ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇ ഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എം എൽ എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് നടന്നു. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോൺഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുൻപ് നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അപലപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകൾ കൊണ്ട് കോൺഗ്രസിന്റെ ആത്മവീര്യത്തെ തകർക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അഭിപ്രായപ്പെട്ടു.

10 അപ്രതീക്ഷിതം; യുക്രൈൻ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നു

റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ സന്ദർശിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു എന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തി. ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.


 

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ