
വിജയുടെ തമിഴ്നാട് വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ 39 പേർ മരണമടഞ്ഞ സംഭവത്തിൽ വിജയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇനിയുണ്ടായേക്കാവുന്ന തുടർ നടപടികളാകും ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടം പിടിക്കുക. കേരളത്തിൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഇന്ത്യ- പാക് ടീമുകൾ മത്സരിക്കുന്ന ഏഷ്യാ കപ്പ് ഫൈനലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ന് മുതൽ കേരളത്തിൽ കാന്താര ചാപ്റ്റർ-1 സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ആവും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വാർത്തകൾ നോക്കാം വിശദമായി...
കരൂരിലെ ദുരന്തം
ഇന്നലെ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത. ഇന്ന് പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാ കപ്പ് ഫൈനൽ
ഇന്ന് ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടീമിന്റെ ഊര്‍ജം മുഴുവന്‍ ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിനായി മാറ്റിവച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റല്‍ സല്‍മാന്‍ അഗ ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ഒരു പോരാട്ടത്തില്‍ കാര്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫൈനലിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്താര ചാപ്റ്റർ-1 ടിക്കറ്റ് ബുക്കിംഗ്
സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റർ 1'. ഇന്ന് മുതൽ കേരളത്തിലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ആവും എന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉച്ചക്ക് 12.30 മുതലാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.