
ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിലെ യാത്രക്കാരിയിൽ നിന്നു ടിക്കറ്റ് നൽകാതെ പണം വാങ്ങിയ ജീവനക്കാരനെ വിജിലൻസ് വിഭാഗം പിടികൂടി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയെയാണ് തിരുവനന്തപുരത്തു നിന്നെത്തിയ വിജിലൻസ് സംഘം പിടികൂടിയത്. വൈകിട്ട് ചിന്നക്കനാലിനു സമീപം പവർഹൗസിൽ വച്ചാണ് ഇയാൾ പിടിയിലായത്. വിനോദസഞ്ചാരിയായ ഇതരസംസ്ഥാന സ്വദേശിനിയിൽ നിന്നു ഇയാൾ 400 രൂപ വാങ്ങിയെങ്കിലും ടിക്കറ്റ് നൽകിയില്ല. ബസിൽ ആളറിയാതെ യാത്രക്കാരായി യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ അപ്പോൾ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾക്കെതിരെയുള്ള വകുപ്പുതല നടപടികൾ ഉടനുണ്ടാകും.