
അതിശക്ത മഴ കേരളത്തിൽ തുടരുന്നതടക്കം നിരവധി വാർത്തകളാണ് ഇന്നുള്ളത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ അവധിയും പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ആരാകും മത്സരിക്കേണ്ടതെന്ന ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനവും ഇന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസത്തെ പര്യടനം ഇന്ന് ബിഹാറിൽ തുടരും. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് നീക്കവും ഇന്നത്തെ പ്രധാന വാർത്തയാണ്. ഇതടക്കം ഇന്നത്തെ പ്രധാന വാർത്തകളെല്ലാം ഒറ്റ നോട്ടത്തിൽ അറിയാം.
. കേരളത്തിൽ ഇന്നും അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും. പാലക്കാട് ജില്ലയിലെ സ്കൂളുകൾ, അങ്കണവാടി, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. എന്നാൽ സ്കൂളുകളിലെ ഓണപ്പരീക്ഷൾക്ക് അവധി ബാധകമായിരിക്കും.
ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈ അടക്കം ചില പേരുകൾ ചർച്ചയായി. മമത ബാനർജി ഉൾപ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ന് രാവിലെ ചേരുന്ന എൻ ഡി എ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കും.
രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസത്തെ പര്യടനം ഇന്ന് ബിഹാറിൽ തുടരും. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഘയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. ആർ ജെ ഡി നേതാവ് തേജസ്വി യാദവും രാഹുൽഗാന്ധിക്കൊപ്പമുണ്ട്. കഴിഞ്ഞ ദിവസം നടന്ന റാലിയിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. തന്നോട് സത്യവാങ്മൂലം ചോദിച്ച കമ്മീഷന്‍റെ സത്യവാങ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യൻ ജനത പാഠം പഠിപ്പിക്കുമെന്നും രാഹുൽഗാന്ധി ഇന്നലെ യാത്ര അവസാനിച്ച ഗയയിലെ റാലിയിൽ പറഞ്ഞിരുന്നു.
എസ് ഐ ആറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും പ്രതിഷേധിക്കും. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകാനുള്ള പ്രതിപക്ഷ നീക്കത്തിലും ഇന്ന് തുടർ ചർച്ച നടക്കും. വർഷകാല സമ്മേളനം തീരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ശുഭാംശു ശുക്ലയുടെ നേട്ടത്തെക്കുറിച്ചുള്ള ചർച്ചയും ഇന്നലെ ബഹളം കാരണം തടസ്സപ്പെട്ടിരുന്നു. രണ്ടു സഭകളിലും ഓരോ ബില്ലുകൾ ഇന്ന് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പന്നിയങ്കര ടോൾ വിഷയത്തിൽ ഇന്ന് കളക്ട്രേറ്റിൽ നിർണായക യോഗം ചേരും. ദേശീയപാത നിർമ്മാണം പൂർത്തിയാകാതെ വ്യാപകമായി ടോൾ പിരിക്കുന്നത് നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പി പി സുമോദ് എം എൽ എ, ജില്ലാ കളക്ടർക്ക് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് 2.30 ന് യോഗം വിളിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതരും, കരാർ കമ്പനി അധികൃതരുമായാണ് പ്രാഥമിക ചർച്ച നടക്കുക. ദേശീയപാതയിൽ നിരവധി നിർമ്മാണ പ്രവൃത്തികൾ ബാക്കി നിൽക്കുന്നതോടൊപ്പം, ഇപ്പോൾ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണമെന്ന് എം എൽ എ ആവശ്യപ്പെട്ടിട്ടുണ്ട്.
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഓരോ കേസിനേയും അതിന്‍റെ സാഹചര്യം അനുസരിച്ച് വ്യത്യസ്തമായി മാത്രമേ കാണാൻ കഴിയൂ എന്നും സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു.