
പാലക്കാട്: പാലക്കാട് ധോണിയിൽ പതിവായി ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പാലക്കാട് ടസ്കർ സെവനെ (പിടി 7) പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെയാണ് മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് ഏകോപന ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് പറഞ്ഞു. ദൗത്യം സങ്കീർണമാണ്. വെടിവെക്കാനുള്ള സാഹചര്യം തുടക്കത്തിൽ ഉണ്ടായി. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയതാണ് തടസമയതെന്നും അദ്ദേഹം അറിയിച്ചു.
52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ. പി ടി സെവനെ അതിരാവിലെ തന്നെ ആർആർടി സംഘം നിരീക്ഷണ വലയത്തിലാക്കിയെങ്കിലും ആന പതിയെ ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതോടെ മൂന്ന് കുങ്കിയാനകളെയും തിരിച്ചു എത്തിച്ചു.
Also Read: കാടിലേക്ക് മുങ്ങി കൊമ്പൻ: ധോണിയിലെ കാട്ടാനയെ പിടികൂടാനുള്ള നീക്കം അനിശ്ചിതാവസ്ഥയിൽ
പാലക്കാട് ടസ്കർ സെവൻ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പന്‍ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്‍റെ വരവ്.
ഒരുങ്ങിയത് വമ്പൻ കൂട്
പി ടി സെവനെ മയക്കുവെടി വച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപോയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്.
ആനക്കൂട്ടിലേക്കുള്ള റാമ്പും പൂർത്തിയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam